
നികുതി ഇളവിലൂടെ എത്തുന്നത് ഒരു ലക്ഷം കോടി രൂപ
കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിലെ ആദായ നികുതി ഇളവ് രാജ്യത്തെ കൺസ്യൂമർ, എഫ്.എം.സി.ജി വിപണിയിൽ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നു. പന്ത്രണ്ട് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകുന്നതോടെ ഒരു ലക്ഷം കോടി രൂപയാണ് അധികമായി വിപണിയിലെത്തുക. അതിരൂക്ഷമായ വിലക്കയറ്റവും ഉയർന്ന നികുതിയും മൂലം ഉപഭോഗ തളർച്ച നേരിടുന്ന വിപണിക്ക് ലഭിക്കുന്ന ഉത്തേജക പാക്കേജാണ് ബഡ്‌ജറ്റെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പന്ത്രണ്ട് ലക്ഷം വരെയുള്ള വരുമാനത്തിന് പ്രതിവർഷം 20,000 മുതൽ 80,000 രൂപ വരെ ആദായനികുതി അടച്ചിരുന്ന പത്ത് ലക്ഷം നികുതിദായകർക്ക് അടുത്ത വർഷം നികുതി ബാദ്ധ്യത പൂർണമായും ഒഴിവാകും. ഇതോടൊപ്പം സ്ളാബുകളിൽ വരുത്തിയ മാറ്റങ്ങളിലൂടെ 24 ലക്ഷം വരെ വരുമാനമുള്ളവർക്ക് 70,000 രൂപ മുതൽ 1.1 ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര തീരുവ യുദ്ധം വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
നഗരങ്ങളിൽ തളർച്ച ശക്തം
കഴിഞ്ഞ മൂന്ന് ത്രൈമാസക്കാലയളവുകളിലും ഗ്രോസറികൾ, ലൈഫ്‌സ്‌റ്റൈൽ ഉത്പന്നങ്ങൾ, മൊബൈൽ സ്‌മാർട്ട്ഫോണുകൾ, ടെലിവിഷനുകൾ എന്നിവയുടെ വില്പന ഗണ്യമായി കുറഞ്ഞിരുന്നു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ എഫ്.എം.സി.ജി ഉത്പന്നങ്ങളുടെ വിപണിയിൽ മൂന്ന് ശതമാനം വളർച്ച മാത്രമാണുണ്ടായത്. നഗരങ്ങളിലെ ഉപഭോഗ വളർച്ച 0.5 ശതമാനവും ഗ്രാമങ്ങളിൽ അഞ്ച് ശതമാനവുമായി ചുരുങ്ങി. കഴിഞ്ഞ വർഷം അപ്പാരൽ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക സാധനങ്ങൾ, ദ്രുതസേവന റസ്‌റ്ററന്റുകൾ എന്നിവയുടെ വില്പന വളർച്ച അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നു. 2022ൽ ഈ മേഖലയിൽ 15 ശതമാനം വളർച്ചയുണ്ടായിരുന്നു.
വെല്ലുവിളികൾ
1.ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ഉയരുന്ന നാണയപ്പെരുപ്പം
2.തൊഴിലാളികളുടെ വേതനത്തിൽ പ്രതീക്ഷിക്കുന്ന വർദ്ധനയില്ല
3.വീട്ടുവാടകയിലെ വർദ്ധനയും ഉയർന്ന നികുതിയും ഉപഭോഗത്തെ ബാധിക്കുന്നു
എല്ലാ കണ്ണുകളും റിസർവ് ബാങ്കിലേക്ക്
ഈയാഴ്ച നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കുമോയെന്നാണ് നിക്ഷേപകരും വ്യവസായ ലോകവും കാത്തിരിക്കുന്നത്. ഇതോടെ കൺസ്യൂമർ ഉത്പന്ന വിപണിയിൽ മികച്ച ഉണർവുണ്ടായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |