
ഏപ്രിൽ മുതൽ പ്രവാസി നിക്ഷേപം സ്വീകരിക്കാം
തിരുവനന്തപുരം: സാങ്കേതിക പ്രശ്നങ്ങളാൽ രണ്ട് വർഷം മുമ്പ് നഷ്ടമായ ബി ഗ്രേഡ് കേരള ബാങ്കിന് തിരിച്ചുലഭിച്ചു. വിശദമായ പരിശോധനയിൽ പിഴവുകൾ തീർത്തതോടെയാണ് കേരള ബാങ്കിന് ബി.ഗ്രേഡ് തിരിച്ചു ലഭിച്ചതെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇതിനൊപ്പം കിട്ടാക്കടം ഏഴ് ശതമാനമാക്കിയതും മൊബൈൽ ആപ് അധിഷ്ഠിത സേവനങ്ങളും കോർ ബാങ്കിംഗ് സൊല്യൂഷനും ഏർപ്പെടുത്തിയതിനാൽ അടുത്ത സാമ്പത്തികവർഷം മുതൽ കേരള ബാങ്കിന് പ്രവാസി നിക്ഷേപം നേരിട്ട് സ്വീകരിക്കാൻ അനുമതി ലഭിച്ചു.
നടപ്പു സാമ്പത്തികവർഷം ഇതുവരെ ബാങ്കിന്റെ വായ്പാ ബാക്കി മുൻവർഷത്തെക്കാൾ 2000 കോടി രൂപയിലധികമാണ്. 50,000കോടി രൂപ വായ്പാ ബാക്കി നേടാനായതോടെ കേരള ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കായി മാറി. നിലവിൽ കേരളം ആസ്ഥാനമായ രണ്ടാമത്തെ വലിയ ബാങ്കായും മാറി.കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ,വൈസ് പ്രസിഡണ്ട് എം.കെ.കണ്ണൻ, ചെയർമാൻ വി.രവീന്ദ്രൻ,ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രവർത്തനം വിപുലീകരിക്കുന്നു
സംസ്ഥാനത്ത് 100കർഷക ഉൽപ്പാദക സംഘങ്ങൾ രൂപീകരിക്കുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതുവരെ 36സംഘങ്ങൾ രൂപീകരിച്ചു. അടുത്ത സാമ്പത്തിക വർഷം കർഷക സംഘങ്ങളുടെ എണ്ണം ഇരുനൂറായി ഉയർത്തും.
എം.എസ്.എം.ഇ.മേഖലയിൽ ഇതുവരെ 25579വായ്പകളിലായി 1556കോടിരൂപ ബാങ്ക് നൽകിയിട്ടുണ്ട്. 2025-26 സാമ്പത്തികവർഷം 50,000 വായ്പകൾ നൽകി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും കണക്കാക്കുന്നു.
കാർഷിക വായ്പ നിലവിലെ 25 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഉയർത്തുമെന്നും നെല്ല് കർഷകർക്ക് നെല്ലളന്ന ദിവസം പണമായി നൽകാൻ പി.ആർ.എസ് വായ്പ കേരള ബാങ്കിലൂടെ നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |