SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

പ്രതികൂല സാഹചര്യങ്ങളിലും കരുത്തോടെ ഇന്ത്യ

stock

ഓഹരി വിപണികളിൽ ആശ്വാസ റാലി

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെ വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചിട്ടും ഇന്ത്യൻ ഓഹരി വിപണി ശക്തമായി പിടിച്ചുനിൽക്കുന്നു. കഴിഞ്ഞ വാരം അവസാന മൂന്ന് ദിവസങ്ങളിലും പ്രധാന ഓഹരി സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. രാജ്യത്തെ പത്ത് പ്രധാന കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം 2.1 ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായത്.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവും ആഭ്യന്തര നിക്ഷേപകരുടെ സജീവ പങ്കാളിത്തവുമാണ് കഴിഞ്ഞ വാരം വിപണിക്ക് കരുത്തായത്. റിലയൻസ് ഇൻഡസ്‌ട്രീസ്, ബി.പി.സി.എൽ തുടങ്ങിയവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച അമേരിക്കൻ ഓഹരികളിലുണ്ടായ ഉണർവ് ഇന്ന് തുടക്കത്തിൽ ഇന്ത്യൻ വിപണിക്കും ഗുണമായേക്കും. ആഗോള വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകരെ വലയ്ക്കുന്നത്.

ആഭ്യന്തര ചെറുകിട നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിലും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലും വലിയ തോതിൽ പണമൊഴുക്കുന്നതാണ് ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളിലും പിടിച്ചുനിൽക്കാൻ ഇന്ത്യൻ ഓഹരികൾക്ക് കരുത്താകുന്നതെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

വിദേശ പണം തിരിച്ചൊഴുകുന്നു

ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലെ ഇടിവും വിദേശ ഫണ്ടുകളുടെ പിന്മാറ്റം ശക്തമാക്കുന്നു. മാർച്ച് ആദ്യ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 24,753 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ജനുവരിയിൽ 78,027 കോടി രൂപയും ഫെബ്രുവരിയിൽ 34,574 കോടി രൂപയും അവർ പിൻവലിച്ചിരുന്നു.

വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്

1. ആഗോള വ്യാപാര യുദ്ധം അതിവേഗം വ്യാപിക്കുന്നതിനാൽ വിലക്കയറ്റ ഭീഷണി ശക്തമാകുന്നു

2. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏപ്രിലിൽ ട്രംപ് അധിക തീരുവ ഏർപ്പെടുത്തുമെന്ന ആശങ്ക ശക്തം

3. രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവ് കൂട്ടുന്നതിനാൽ കമ്പനികളുടെ ലാഭം കുറഞ്ഞേക്കും

നടപ്പുവർഷം വിദേശ നിക്ഷേപകർ പിൻവലിച്ചത്

1.35 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360