
ടെസ്ലയുടെ ഓഹരി വിലത്തകർച്ച മറികടക്കാൻ നീക്കം
ന്യൂയോർക്ക്: ആഗോള തലത്തിലെ വിൽപ്പനയിടിവ് നേരിടാൻ ടെസ്ലയുടെ വൈദ്യുതി കാർ വാങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണ പങ്കാളിയായ ഇലോൺ മസ്കിന് പിന്തുണ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലേക്കായി ചുവന്ന നിറത്തിലുള്ള മോഡൽ എസ് സെഡാൻ കാറാണ് വാങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമത മന്ത്രാലയം മേധാവിയുമായ ഇലോൺ മസ്കുമായുള്ള ഡൊണാൾഡ് ട്രംപിന്റെ ഏറെയടുത്ത വ്യക്തി ബന്ധം വെളിപ്പെടുത്തുന്നതാണ് പുതിയ നടപടി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ട്രംപിന് പുതിയ കാർ ഓടിക്കാനാവില്ല. 80,000 ഡോളറിലധികം വിലയുള്ള പുതിയ കാർ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരാകും ഉപയോഗിക്കുക.
ടെസ്ല കാറുകളുടെ വിൽപ്പനയിലുണ്ടാകുന്ന ഗണ്യമായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ആത്മസുഹൃത്തിന് പിന്തുണയുമായെത്തിയത്. അനാവശ്യ കാര്യങ്ങളുടെ പേരിൽ നിരവധി പേർ മസ്കിനെ ആക്രമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. രാജ്യ സ്നേഹിയായ പോരാളിയാണ് മസ്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെസ്ലയുടെ ഓഹരി വില തുടർച്ചയായി ഇടിയുന്നതിനാൽ ലോകത്തിലെ അതിസമ്പന്നനെന്ന പദവിയും കൈവിടുന്ന സാഹചര്യത്തിലാണ് മസ്കിന് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയത്. ജനുവരിക്ക് ശേഷം ടെസ്ലയുടെ ഓഹരി വിലയിൽ 48 ശതമാനം ഇടിവുണ്ടായിരുന്നു. ട്രംപിന്റെ പിന്തുണ ലഭിച്ചതോടെ ടെസ്ലയുടെ ഓഹരി വില നാല് ശതമാനം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |