SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

റെക്കാഡ് പുതുക്കി സ്വർണക്കുതിപ്പ്

bangle

പവൻ വില@64,960 രൂപ

വ്യാപാര യുദ്ധം സ്വർണത്തിന് പ്രിയം കൂട്ടുന്നു

കൊച്ചി: രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സ്വർണ വില പുതിയ റെക്കാഡ് ഉയരത്തിലെത്തി. പവൻ വില 440 രൂപ ഉയർന്ന് 64,960 രൂപയിലെത്തി. ഗ്രാമിന്റെ വില 55 രൂപ വർദ്ധനയോടെ 8,120 രൂപയിലെത്തി. പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില 6,680 രൂപയിലെത്തി. 24 ക്യാരറ്റുള്ള തനിത്തങ്കത്തിന്റെ വില 89 ലക്ഷം രൂപ കടന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് ഇന്നലെ 2,944 ഡോളറായി ഉയർന്നതോടെയാണ് ഇന്ത്യയിലും വിലയിൽ മുന്നേറ്റമുണ്ടായത്. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ 64,600 രൂപയെന്ന റെക്കാഡാണ് ഇന്നലെ പവൻ മറികടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വില വർദ്ധനയ്ക്ക് കരുത്തായി.

മാർച്ച് മാസത്തിൽ ഇതുവരെ സ്വർണം പവന് 1,520 രൂപയാണ് കൂടിയത്. അമേരിക്കയിലെ നാണയപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞതോടെ ഈ വർഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് പൊടുന്നനെ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്.

വിൽപ്പന കുറയുന്നു

വിലയിലെ കുതിപ്പ് ആഭ്യന്തര വിപണിയിൽ സ്വർണ വിൽപ്പനയിൽ കടുത്ത തിരിച്ചടി സൃഷ്‌ടിക്കുന്നുവെന്ന് ജുവലറി ഉടമകൾ പറയുന്നു. ഹോളിക്ക് മുന്നോടിയായി സാധാരണ വിൽപ്പനയിലുണ്ടാകാറുള്ള ഉണർവ് ഇത്തവണ ദൃശ്യമായില്ല. സാമ്പത്തിക രംഗത്തെ തളർച്ചയും ഓഹരി ഉൾപ്പെടെയുള്ള നിക്ഷേപ മേഖലകളിലെ അനിശ്ചിതത്വവും വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവർ പറയുന്നു. നിലവിൽ ഒരു പവൻ സ്വർണ വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 70,000 രൂപയിലധികമാകും.

നടപ്പുവർഷം പവൻ വിലയിലുണ്ടായ വർദ്ധന

7,760 രൂപ

വിലക്കുതിപ്പിലെ കരുത്ത്

1. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം ശക്തമാകുന്നതിനാൽ ആഗോള വിപണികളിൽ അനിശ്ചിതത്വമേറുന്നു

2. ലോകം വീണ്ടുമൊരു മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിൽ വൻകിട നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങുന്നു

3. ഡോളറിന്റെ മൂല്യവർദ്ധന കണക്കിലെടുത്ത് വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുന്നു

4. രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നതും വില വർദ്ധനയ്ക്ക് ആക്കം കൂട്ടുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360