
കൊച്ചി: എംജി മോട്ടോർ ഇന്ത്യ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാറായ എംജി കോമറ്റ് ഇ.വി പുതിയ രൂപത്തിൽ പുറത്തിറക്കി. കാറിന്റെ എല്ലാ വേരിയന്റുകളിലും പുതുക്കിയ സവിശേഷതകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. 4.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന കാറിന്റെ ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചു. കിലോമീറ്ററിന് 2.5 രൂപ നിരക്കിൽ ബാറ്ററി-അസ്-എ-സർവീസ് ഓപ്ഷൻ ഉൾപ്പെടുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഡീലർഷിപ്പുകൾ വഴിയും 11,000 രൂപ ബുക്കിംഗ് തുകയ്ക്ക് കാർ ബുക്ക് ചെയ്യാം. പുതിയ ബ്ലാക്ക്സ്റ്റോം പതിപ്പിലും കോമറ്റ് ലഭ്യമാണ്. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. എട്ടുവർഷം അല്ലെങ്കിൽ ഒരുലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ ബാറ്ററി വാറന്റി ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.
മോഡലുകൾ
എക്സിക്യുട്ടീവ്, എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജ്, എക്സ്ക്ലുസീവ്, എക്സ്ക്ലുസീവ് ഫാസ്റ്റ് ചാർജ് എന്നീ അഞ്ച് വ്യത്യസ്ത വേരിയന്റുകളിൽ കോമറ്റ് ഇ.വി. ലഭ്യമാണ്. എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജ് വേരിയന്റുകളിൽ ഇപ്പോൾ പിൻ പാർക്കിംഗ് ക്യാമറയും പവർ-ഫോൾഡിംഗ് ഔട്ട്സൈഡ് റിയർവ്യൂ മിററുകളും ലഭിക്കുന്നു, ഇത് ഈ കാറിന്റെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തും. മികച്ച ഇൻ-ക്യാബിൻ അനുഭവത്തിനായി എക്സ്ക്ലൂസീവ്, എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാര്ജ് വേരിയന്റുകളിൽ പ്രീമിയം ലെതറെറ്റ് സീറ്റുകളും 4-സ്പീക്കർ ഓഡിയോ സിസ്റ്റവും ഉൾപ്പെടുന്നു. ഇതിനുപുറമെ, ഫാസ്റ്റ് ചാർജിംഗ് വേരിയന്റിൽ 17.4 കെ.ഡബ്ല്യൂ.എച്ച് ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |