
കൊച്ചി: അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവിലെ വർദ്ധനയും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാണ കമ്പനികൾ കാർ വില ഉയർത്തുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായ് മുതൽ റിനോ വരെയുള്ള കമ്പനികളുടെ വാഹന വിലയിൽ ഏപ്രിൽ ഒന്നു മുതൽ നാല് ശതമാനം വരെ വർദ്ധനയുണ്ടാകും. ആൾട്ടോ കെ10 മുതൽ മൾട്ടിപ്പിൾ പർപ്പസ് വാഹനമായ ഇൻവിക്‌ടോ വരെയുള്ള മോഡലുകളുടെ വില ആഭ്യന്തര വിപണിയിൽ കൂട്ടാനൊരുങ്ങുകയാണ് മാരുതി സുസുക്കി. നടപ്പു സാമ്പത്തിക വർഷത്തിൽ മൂന്നാം തവണയാണ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നത്.
മാരുതി സുസുക്കി കാറുകളുടെ വിലയിൽ നാല് ശതമാനം വർദ്ധനയുണ്ടാകും. ഹ്യുണ്ടായ് കാറുകളുടെ വില മൂന്ന് ശതമാനമാണ് ഏപ്രിൽ മുതൽ കൂടുന്നത്. ടാറ്റ മോട്ടോർസ് ഈ വർഷത്തെ രണ്ടാമത്തെ വിലവർദ്ധനയാണ് പ്രഖ്യാപിച്ചിട്ടുളളത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ, ഹോണ്ട, ബി.എം.ഡബ്‌ള്യു എന്നിവയും വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചു.
രൂപയുടെ മൂല്യത്തകർച്ച ബാദ്ധ്യതയാകുന്നു
ആറ് മാസത്തിനിടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ മൂന്ന് ശതമാനത്തിലധികം ഇടിവുണ്ടായതോടെ അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവിൽ ഗണ്യമായ വർദ്ധനയുണ്ടായതാണ് കമ്പനികൾക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്പാദന ചെലവിലുണ്ടായ വർദ്ധനയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാതെ നിലനിൽക്കാൻ കഴിയില്ലെന്ന് പ്രമുഖ വാഹന നിർമ്മാതാക്കൾ പറയുന്നു.
വിതരണക്കാർക്ക് നെഞ്ചിടിപ്പേറുന്നു
വാഹന വില തുടർച്ചയായി കൂടുന്ന സാഹചര്യം സംസ്ഥാനത്തെ വാഹന ഡീലർമാർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. സാമ്പത്തിക മേഖല കനത്ത തളർച്ച നേരിടുമ്പോൾ വിലയിലുണ്ടാകുന്ന വർദ്ധന വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ പറയുന്നു. വിതരണ സ്ഥാപനങ്ങളിലേക്ക് വലിയ തോതിൽ വാഹനങ്ങൾ അയച്ച് വിൽപ്പന കണക്കുകൾ ഉയർത്തി പറയുന്ന സാഹചര്യം കാർ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും വിതരണക്കാർ കൂട്ടിച്ചേർക്കുന്നു.
ഇൻവെന്ററി കൂടുന്നു
വിപണിയിൽ വിൽപ്പന കാര്യമായി കൂടുന്നില്ലെങ്കിലും നിർമ്മാണ കമ്പനികൾ വലിയ അളവിൽ വാഹനങ്ങൾ വിതരണ സ്ഥാപനങ്ങളിലേക്ക് അയക്കുന്നതാണ് പ്രധാന വെല്ലുവിളി സൃഷ്‌ടിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |