
കൊച്ചി: ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചതോടെ രാജ്യത്തെ കാർ ഡീലർമാർക്ക് നെഞ്ചിടിപ്പേറുന്നു. സാമ്പത്തിക മേഖല കടുത്ത തളർച്ചയിലൂടെ നീങ്ങുന്നതിനിടെ കമ്പനികൾ വില തുടർച്ചയായി വർദ്ധിപ്പിക്കുന്നത് വിപണിക്ക് തിരിച്ചടിയാകുമെന്ന് ഡീലർമാർ പറയുന്നു. രൂപയുടെ മൂല്യത്തകർച്ചയും അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവിലെ വർദ്ധനയും കണക്കിലെടുത്താണ് മുൻനിര വാഹന നിർമ്മാതാക്കൾ കാറുകളുടെ വില ഉയർത്താൻ തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില കൂടുന്നതോടെ വിപണി കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങാൻ സാദ്ധ്യതയേറെയാണെന്ന് ഡീലർമാർ പറയുന്നു.
എല്ലാ മാസവും വില കൂടുന്നു
നടപ്പുവർഷം മൂന്നാം തവണയാണ് പ്രധാന കമ്പനികൾ കാർ വില ഉയർത്തുന്നത്. അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവിലെ വർദ്ധനയും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില വർദ്ധനയ്ക്ക് പ്രേരിപ്പിക്കുന്നത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായ് മുതൽ റിനോ വരെയുള്ള കമ്പനികളുടെ വാഹന വിലയിൽ ഏപ്രിൽ ഒന്നു മുതൽ നാല് ശതമാനം വരെ വർദ്ധനയുണ്ടാകും. ആൾട്ടോ കെ10 മുതൽ മൾട്ടിപ്പിൾ പർപ്പസ് വാഹനമായ ഇൻവിക്‌ടോ വരെയുള്ള മോഡലുകളുടെ വില നാല് ശതമാനം കൂടുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. ഹ്യുണ്ടായ് കാറുകളുടെ വില മൂന്ന് ശതമാനമാണ് ഏപ്രിൽ മുതൽ കൂടുന്നത്. ടാറ്റ മോട്ടോർസ് ഈ വർഷത്തെ രണ്ടാമത്തെ വിലവർദ്ധനയാണ് പ്രഖ്യാപിച്ചിട്ടുളളത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ, ഹോണ്ട, ബി.എം.ഡബ്‌ള്യു എന്നിവയും വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചു.
അധിക ബാദ്ധ്യത കൈമാറാതെ രക്ഷയില്ലെന്ന് കമ്പനികൾ
ആറ് മാസത്തിനിടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ മൂന്ന് ശതമാനത്തിലധികം ഇടിവുണ്ടായതോടെ അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവിൽ ഗണ്യമായ വർദ്ധനയുണ്ടായതാണ് കമ്പനികൾക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉത്പാദന ചെലവിലുണ്ടായ വർദ്ധനയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാതെ നിലനിൽക്കാൻ കഴിയില്ലെന്ന് പ്രമുഖ വാഹന നിർമ്മാതാക്കൾ പറയുന്നു.
അതേസമയം വാഹന വില തുടർച്ചയായി കൂടുന്നതിനാൽ സംസ്ഥാനത്തെ വാഹന ഡീലർമാർക്ക് നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ് സാമ്പത്തിക മേഖല കനത്ത തളർച്ച നേരിടുമ്പോൾ വിലയിലുണ്ടാകുന്ന വർദ്ധന വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ പറയുന്നു.
ഡീലർമാരെ സമ്മർദ്ദത്തിലാക്കി കമ്പനികൾ
വിതരണ സ്ഥാപനങ്ങളിലേക്ക് വലിയ തോതിൽ വാഹനങ്ങൾ അയച്ച് വിൽപ്പന കണക്കുകൾ ഉയർത്തി പറയുന്ന സാഹചര്യം കാർ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും വിതരണക്കാർ കൂട്ടിച്ചേർക്കുന്നു. വിപണിയിൽ വിൽപ്പന കാര്യമായി കൂടുന്നില്ലെങ്കിലും നിർമ്മാണ കമ്പനികൾ വലിയ അളവിൽ വാഹനങ്ങൾ വിതരണ സ്ഥാപനങ്ങളിലേക്ക് അയക്കുന്നതാണ് പ്രധാന വെല്ലുവിളി സൃഷ്‌ടിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |