SignIn
Kerala Kaumudi Online
Sunday, 13 September 2026 2.36 PM IST

യുദ്ധ ഭീഷണിയിലും അടിതെറ്റാതെ ഓഹരികൾ

ohari

ആഗോള മേഖലയിലെ ചലനങ്ങൾ ആശ്വാസമായി

കൊച്ചി: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനുമായി യുദ്ധ സാദ്ധ്യതയേറിയതോടെ രാജ്യത്തെ ഓഹരി വിപണിയിൽ കനത്ത ചാഞ്ചാട്ടം. ഒരവസരത്തിൽ സെൻസക്സ് 1,400 പോയിന്റിലധികം ഇടിഞ്ഞെങ്കിലും ആഗോള മേഖലയിലെ അനുകൂല സാഹചര്യങ്ങളുടെ കരുത്തിൽ വ്യാപാരാന്ത്യത്തിൽ നില മെച്ചപ്പെടുത്തി. ബി.എസ്.ഇ സെൻസെക്സ് 588.90 പോയിന്റ് നഷ്‌ടവുമായി 79,212.53ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്‌റ്റി 207.35 പോയിന്റ് ഇടിഞ്ഞ് 24,039.35ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിൽ രണ്ട് ശതമാനത്തിലധികം ഇടിവുണ്ടായി. ബാങ്കിംഗ് മേഖലയിലെ ഓഹരികളും കനത്ത വിൽപ്പന സമ്മർദ്ദമാണ് നേരിട്ടത്. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഇന്നലെ 8.5 ലക്ഷം രൂപ കുറഞ്ഞ് 421 ലക്ഷം കോടി രൂപയായി.

സിംല കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്ഥാൻ പട്ടാളം അതിർത്തിയിൽ വെടിനിറുത്തൽ ധാരണകൾ ലംഘിച്ച് പ്രകോപനം സൃഷ്‌ടിച്ചതാണ് നിക്ഷേപകർക്ക് ആശങ്ക വർദ്ധിപ്പിച്ചത്.

സ്വർണത്തിൽ വില താഴുന്നു

അമേരിക്കയും ചൈനയുമായി വ്യാപാര യുദ്ധം അയഞ്ഞതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ കുറഞ്ഞു. ഡോളറും ബോണ്ടുകളും ശക്തിയാർജിച്ചതോടെ നിക്ഷേപകർ സ്വർണം വിറ്റുമാറി. സ്വർണ വില ഔൺസിന് 56 ഡോളർ കുറഞ്ഞ് 3,295 ഡോളറിലെത്തി. അതേസമയം സംസ്ഥാനത്ത് പവൻ വിലയിൽ ഇന്നലെ മാറ്റമുണ്ടായില്ല.

1. ആഗോള രംഗത്ത് പ്രധാന സൂചികകൾ മുന്നേറി. സൗത്ത് കൊറിയ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ ഓഹരി വിപണികൾ നേട്ടമുണ്ടാക്കി.

2. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 125 ശതമാനം തീരുവ പിൻവലിക്കാൻ ചൈന സന്നദ്ധത പ്രകടിപ്പിച്ചതോടെ വ്യാപാര യുദ്ധ ആശങ്കകൾ ഒഴിയുകയാണ്

3. വിദേശ ധനകാര്യ സ്ഥാപനങ്ങൾ പൂർവാധികം ശക്തിയോടെ ഇന്ത്യൻ വിപണിയിലെത്തുന്നു. വ്യാഴാഴ്ച 8,250 കോടി രൂപയുടെ വിദേശ നിക്ഷേപമാണെത്തിയത്

4. ഇന്ത്യയും പാകിസ്ഥാനുമായി രാഷ്ട്രീയ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ വിപണി കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടേക്കും

രൂപയ്ക്ക് സമ്മർദ്ദം

ഓഹരി വിപണിയിലെ ഇടിവ് രൂപയ്ക്കും സമ്മർദ്ദം സൃഷ്‌ടിച്ചു. ഡോളറിനെതിരെ രൂപ ഇന്നലെ ഏഴ് പൈസ നഷ്‌ടവുമായി 85.40ൽ എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360