
കൊച്ചി: പാകിസ്ഥാനിലെ വിവിധ ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ സൈനിക നടപടി നടത്തിയതിന് ശേഷവും രാജ്യത്തെ ഓഹരി വിപണി കരുത്തോടെ മുന്നോട്ടുനീങ്ങി. യുദ്ധ ഭീഷണി പൂർണമായും അവഗണിച്ച് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വിശ്വാസം അർപ്പിച്ച് വിദേശ, സ്വദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടി. കൃത്യതയോടെയും മിതത്വത്തോടെയും ഇന്ത്യ നടത്തിയ സൈനിക ആക്രമണം വിപണി പ്രതീക്ഷിച്ചിരുന്നതാണ്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 105.71 പോയിന്റ് ഉയർന്ന് 80,746.78ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്‌റ്റി 34.8 പോയിന്റ് നേട്ടവുമായി 24,414.40ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച മുന്നേറ്റം ദൃശ്യമായി.
പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കെതിരെ നടത്തുന്ന തിരിച്ചടി എന്നതിലുപരി പൂർണ യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളുമായുള്ള സംഘർഷം നീങ്ങില്ലയെന്ന വിലയിരുത്തലാണ് ഓഹരി നിക്ഷേപകർക്കുള്ളത്.
ആഗോള മേഖലയിലെ അനുകൂല ചലനങ്ങളും വിപണിക്ക് കരുത്ത് പകർന്നു.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് തുടരുകയാണ്. കഴിഞ്ഞ 14 വ്യാപാര ദിനങ്ങളിൽ 43,900 കോടി രൂപയാണ് വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യയിലെത്തിച്ചത്.
പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു
പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഒൻപത് ഭീകര ക്യാമ്പുകളിൽ കഴിഞ്ഞ രാത്രിയിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ കറാച്ചി ഓഹരി വിപണി തകർന്നടിഞ്ഞു. കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരത്തിന്റെ തുടക്കത്തിൽ 6,300 പോയിന്റാണ് ഇടിഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ പരിഭ്രാന്തരായ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതാണ് തകർച്ച രൂക്ഷമാക്കിയത്. പഹൽഗാം ആക്രമണത്തിന് ശേഷം പാക് വിപണികൾ തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്.
നാണയ വിപണിയിലും സ്ഥിരത
ഇന്ത്യയും പാകിസ്ഥാനുമായി യുദ്ധ സാദ്ധ്യത ശക്തമാണെങ്കിലും നാണയ വിപണിയിൽ രൂപയുടെ നില സ്ഥിരതയോടെ നീങ്ങുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കാര്യമായ ഇടിവുണ്ടായില്ല. എണ്ണക്കമ്പനികളും വിദേശ ബാങ്കുകളും ഡോളർ വാങ്ങൽ ശക്തമാക്കിയതോടെ രൂപയുടെ മൂല്യം 38 പൈസ താഴ്ന്ന് 84.82ൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |