SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.19 AM IST

കൃഷിക്കുള്ള കേന്ദ്രബോണസ്: നെല്ല് ഔട്ട്, പയർവർഗം ഇൻ

pulse

തൃശൂർ: പയർവർഗങ്ങൾക്ക് സബ്‌സിഡി നൽകാനുള്ള നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതോടെ നെല്ലിന് കേന്ദ്രം നൽകുന്ന ബോണസ് നിറുത്തും. ഇത് കേരളത്തിന് തിരിച്ചടിയായേക്കും. രാജ്യത്ത് നെല്ലിന്റെയും ഗോതമ്പിന്റെയും കരുതൽ ശേഖരം വർദ്ധിച്ചതിനാൽ പയർവർഗങ്ങളുടെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത്തരത്തിൽ കത്തയച്ചിട്ടുണ്ട്. കേന്ദ്രം നെല്ലിന് നൽകുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. സംസ്ഥാന സർക്കാർ 6.31 രൂപ കൂടി ചേർത്ത് 30 രൂപയാണ് കർഷകർക്ക് നൽകുന്നത്. പയർവർഗങ്ങളുടെ കൃഷിക്കുള്ള ബോണസ് തീരുമാനിച്ചിട്ടില്ല.

അതേ സമയം, വടക്കേ ഇന്ത്യയിൽ കർഷകരുമായി കരാറിലേർപ്പെട്ട് ഉത്പന്നങ്ങൾ വാങ്ങുന്ന വൻകിടക്കാരുടെ ശൈലി അനുകരിച്ച് ചില സഹകരണ സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന കമ്പനികൾ കേരളത്തിൽ രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്ക് വിത്ത് നൽകി, ഉത്പന്നങ്ങൾക്ക് വില നിശ്ചയിച്ച്, വാങ്ങാമെന്നുമുള്ള കരാറിൽ ഏർപ്പെടുകയാണ് ചെയ്യുക. വടക്കേ ഇന്ത്യയിൽ വൻകിടക്കാർ, ഉത്പന്നങ്ങൾ ഇത്തരത്തിൽ വാങ്ങി ശേഖരിച്ച് പിന്നീട് അവർ നിശ്ചയിക്കുന്ന വിലയിലാണ് വിപണിയിലെത്തിക്കുക. കേരളത്തിൽ ചില കമ്പനികൾ 15,000 ടൺ വരെ ഉത്പന്നങ്ങൾ സൂക്ഷിക്കാവുന്ന സംഭരണശാലകളും ഏറ്റെടുത്തിട്ടുണ്ട്.

ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം

40 ശതമാനം പയർവർഗങ്ങളാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇതിനായി വൻതോതിൽ വിദേശനാണ്യശേഖരം ഉപയോഗിക്കേണ്ടിവരുന്നു. പയർവർഗങ്ങളുടെ ഉത്പാദനം കൂട്ടുന്നതിന് പ്രോത്സാഹനം നൽകണമെന്ന കൃഷി ശാസ്ത്രജ്ഞരുടെയും വിദഗ്ദ്ധരുടെയും ഉപദേശം സ്വീകരിച്ചാണ് നടപടി.

ബോണസ് ലഭിക്കുന്നത്

ചെറുപയർ

വൻപയർ

 ഉഴുന്ന്

 മുതിര

കടല

സോയ

തുവര

ഇരിപ്പൂ പാടങ്ങളിൽ കൃഷിയിറക്കാം

പയർവർഗ കൃഷിയിൽ മിക്കയിനങ്ങൾക്കും രണ്ട് മാസത്തോളമാണ് വിളവെടുപ്പ് സമയം. കേരളത്തിൽ ഇരുപ്പൂ കൃഷിയിറക്കുന്ന പാടങ്ങളിൽ പയർവർഗങ്ങൾ കൃഷി ചെയ്യാം. ഇതോടെ മണ്ണ് വളക്കൂറുള്ളതാകും. രണ്ടു തവണ പയർവർഗങ്ങളും ഒരു തവണ നെല്ലും കൃഷിയിറക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360