SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

എണ്ണയിൽ തെന്നി വിപണി താഴേക്ക്

crude

കൊച്ചി: ഇന്ധന പ്രതിസന്ധി ജന ജീവിതത്തെ നേരിട്ടു ബാധിച്ചു തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. ബി.എസ്.ഇ സെൻസെക്‌സ് 1,342.27 പോയിന്റ് തകർച്ചയോടെ 76,863.72ലേക്ക് മൂക്കുകുത്തി. നിഫ്‌റ്റി 394.75 പോയിന്റ് ഇടിവോടെ 23,866.85ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത തകർച്ച തുടർന്നു. ഗൾഫ് മേഖലയിലെ യുദ്ധവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിന്മാറ്റം ശക്തമാക്കിയതും ലാഭമെടുപ്പുമാണ് വിപണിക്ക് തിരിച്ചടിയായത്.

പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമായതോടെ ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് കണ്ണീർ മഴയാണ്. ഓഹരി, നാണയ, കമ്പോള വിപണികളിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. യുദ്ധം ഉടൻ അവസാനിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന സൃഷ്‌ടിച്ച ആശ്വാസം ഇന്നലെ വിപണിയിൽ ദൃശ്യമായില്ല. ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം തുടരുന്നതാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.

സാമ്പത്തിക വളർച്ചയെ ബാധിക്കും

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യൻ കമ്പനികളുടെ ലാഭക്ഷമതയെയും രാജ്യത്തെ സാമ്പത്തിക വളർച്ചയെയും പിന്നാേട്ടടിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 4,673 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ആഭ്യന്തര നിക്ഷേപകർ 6,150 കോടി രൂപയുടെ നിക്ഷേപം നടത്തി. വാഹന, ധനകാര്യ, ബാങ്കിംഗ് മേഖലയിലെ ഓഹരികൾ കനത്ത വില്പന സമ്മർദ്ദം നേരിട്ടു. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തുന്നത്. വിലക്കയറ്റം രൂക്ഷമാകുന്നതിനും ആഭ്യന്തര വിപണിയിൽ ചരക്കു കൈമാറ്റത്തെയും ഇന്ധന പ്രതിസന്ധി പ്രതികൂലമായി ബാധിക്കും.

നിക്ഷേപ ആസ്തിലുണ്ടായ ഇടിവ്

5.5 ലക്ഷം കോടി രൂപ

ക്രൂഡോയിൽ വില 92 ഡോളർ കവിഞ്ഞു

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇന്നലെ വീണ്ടും 92 ഡോളർ കവിഞ്ഞ് മുന്നേറി. ഹോർമുസ് ഇടനാഴിയിലൂടെയുള്ള ചരക്കു ഗതാഗതം പൂർണമായും നിലച്ചതോടെ ലോകമൊട്ടാകെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതാണ് നിക്ഷേപകർക്ക് ആശങ്ക വർദ്ധിപ്പിക്കുന്നത്. യു.എസ്, യൂറോപ്പ്, ഏഷ്യൻ വിപണികളെല്ലാം ഇന്നലെ തകർച്ച നേരിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360