SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ഇന്ത്യയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലേക്ക്

industrial-growth

ഇന്ധനക്ഷാമവും വിലക്കയറ്റവും തിരിച്ചടി

കൊച്ചി: ഹോർമുസ് ഇടനാഴി അടച്ചതോടെ ഇന്ധനവും രാസവളവും അടക്കമുള്ള അസംസ്‌കൃത ഉത്പന്നങ്ങളുടെ ഇറക്കുമതി തടസപ്പെട്ടതിനാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുവർഷം തിരിച്ചടി നേരിട്ടേക്കും. ക്രൂഡോയിൽ വില വർദ്ധനയും ഇറക്കുമതിയിലെ തടസങ്ങളും ഇന്ത്യയു‌ടെ വളർച്ചാ നിരക്കിൽ ഒരു ശതമാനം കുറവുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ 50 ശതമാനത്തിലധികം ഇന്ധനവും അസംസ്‌കൃത ഉത്പന്നങ്ങളും കടന്നുവരുന്ന ഹോർമുസ് കടലിടുക്ക് അടച്ചതാണ് രാജ്യത്തെ വ്യാവസായിക, വ്യാപാര മേഖലകൾക്ക് കനത്ത തിരിച്ചടിയാകുന്നത്. പുതിയ സാഹചര്യത്തിൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദന(ജി.ഡി.പി) വളർച്ച 6.5 ശതമാനത്തിലും താഴെയെത്തിയേക്കും. പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകൾ, റെസ്‌റ്ററന്റുകൾ എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടതിനാൽ ഹോസ്‌പിറ്റിലാറ്റി മേഖല ജനുവരി മുതൽ മാർച്ച് വരെയുള്ള മാസത്തിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയേക്കും. പ്രകൃതി വാതകം, ക്രൂഡോയിൽ എന്നിവയുടെ വരവ് കുറഞ്ഞതിനാൽ വ്യാവസായിക ഉത്പാദന രംഗവും കടുത്ത പ്രതിസന്ധിയിലാണ്. മെറ്റലുകൾ, സ്‌റ്റീൽ, രാസവളം, കെമിക്കലുകൾ, മാനുഫാക്‌ചേർഡ് ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം വരും ദിവസങ്ങളിൽ മന്ദഗതിയിലാകും.

അസംസ്‌കൃത സാധനങ്ങൾ എത്തുന്നില്ല

സർഫ്യൂരിക് ആസിഡ് അടക്കമുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ ഇറക്കുമതി നിലച്ചതോടെ അവശ്യ സാധനങ്ങളുടെ ഉത്പാദനവും മുടങ്ങുകയാണ്. പഞ്ചസാര മുതൽ വ്യാവസായിക പാനലുകൾ വരെയുള്ള സാധനങ്ങളുടെ ഉത്പാദനത്തിലെ പ്രധാന ഘടകമാണ് സൽഫ്യൂരിക് ആസിഡ്. രാജ്യത്തിന് ആവശ്യമായ സൽഫ്യൂരിക് ആസിഡിൽ 80 ശതമാനവും ഗൾഫ് രാജ്യങ്ങളാണ് നൽകുന്നത്.

തളർച്ച ശക്തമാകും

ക്രൂഡോയിൽ, പ്രകൃതി വാതകം എന്നിവയ്ക്ക് 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ സാമ്പത്തിക തളർച്ച രൂക്ഷമാകുമെന്ന് ഗോൾഡ്മാൻ സാക്ക്സ് അടക്കമുള്ള ആഗോള ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.5 ശതമാനമാകുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്.

പ്രതിസന്ധിയിൽ തളരാത്ത ഇന്ത്യ

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് ത്രൈമാസക്കാലയളവുകളിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) മികച്ച വളർച്ചയുണ്ടായിരുന്നു.

ജി.ഡി.പി വളർച്ച

ഏപ്രിൽ-ജൂൺ : 7.8 ശതമാനം

ജൂലായ്-സെപ്തംബർ : 8.2 ശതമാനം

ഒക്‌ടോബർ-ഡിസംബർ : 7.8 ശതമാനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360