SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

യുദ്ധക്കളത്തിൽ കണ്ണുനട്ട് നിക്ഷേപകർ

nirnayakam

ക്രൂഡോയിലും രൂപയും വെല്ലുവിളി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഗതിവിഗതികളും ഇന്ധന വിലയിലെ ചലനങ്ങളുമാകും നടപ്പുവാരം ഇന്ത്യൻ ഓഹരി വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുക. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളറിന് മുകളിൽ തുടരുന്നതും ഡോളറിനെതിരെ രൂപ റെക്കാഡ് തകർച്ച നേരിട്ടതുമാണ് കഴിഞ്ഞ വാരം വിപണികളെ മുൾമുനയിലാക്കിയത്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയതിനാൽ എണ്ണ വിലയിൽ കാര്യമായ ഇടിവുണ്ടാകാൻ ഇടയില്ല. ശത്രു രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾ ഒഴികെ ഹോർമുസ് ഇടനാഴി തുറന്നുനൽകുമെന്ന ഇറാന്റെ പ്രസ്താവന ഇന്ത്യൻ നിക്ഷേപകർക്ക് ആശ്വാസമായേക്കും. നിരവധി നിബന്ധനകളോടെ ഇറാൻ നൽകുന്ന ഇളവ് ലോക ഇന്ധന വിപണിക്ക് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തുന്നത്. ഇതിനിടെ റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഇന്നലെയും ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം കടുപ്പിച്ചതിനാൽ സമാധാനം അകലെയാണെന്ന് വിലയിരുത്തുന്നു.

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ഫണ്ടുകളുടെ പിന്മാറ്റം ശക്തമായതോടെ ഡോളറിനെതിരെ രൂപ കടുത്ത സമ്മർദ്ദത്തിലാണ്. മാർച്ചിൽ ഇതുവരെ 88,180 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ വിറ്റുമാറിയത്.

നിർണായക ഘടകങ്ങൾ

1. പശ്ചിമേഷ്യയിലെ യുദ്ധ പുരോഗതി

2. ക്രൂഡോയിൽ വിലയിലെ ചലനങ്ങൾ

3. വിദേശ നിക്ഷേപകരുടെ നീക്കങ്ങൾ

4. രൂപയുടെ മൂല്യത്തിലെ വ്യതിയാനം

5. ഹോർമുസ് തുറക്കാനുള്ള സാദ്ധ്യതകൾ

6. യൂറോപ്യൻ യൂണിയന്റെ യുദ്ധപങ്കാളിത്തം

കരുതലോടെ നീങ്ങണം

വിപണിയിൽ സമാധാനം ദൃശ്യമാകാത്തതിനാൽ നിക്ഷേപകർ കരുതലോടെ നീങ്ങണമെന്ന് ധനകാര്യ അനലിസ്‌റ്റുകൾ പറയുന്നു. നടപ്പുവാരവും വിപണി കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാദ്ധ്യത. ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വിറ്റുവരവിലും തിരിച്ചടി നേരിട്ടേക്കും. യുദ്ധം അവസാനിച്ചാലും സാമ്പത്തിക രംഗം സാധാരണനിലയിലെത്താൻ കാലങ്ങളെടുക്കുമെന്നും അവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360