SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ഇ​ന്ധ​ന​ ​അ​നി​ശ്ചി​ത​ത്വം വെല്ലുവിളി ഉയർത്തുന്നു

leed-final

ക്രൂഡോയിൽ വിലക്കുതിപ്പിൽ ആശങ്ക

കൊച്ചി: പശ്ചിമേഷ്യയിൽ വെടിനിറുത്തൽ സാദ്ധ്യതകൾ ഉയരുമ്പോഴും ക്രൂഡോയിൽ വിലയിലെ കുതിപ്പ് ഇന്ത്യയ്‌ക്ക് വെല്ലുവിളിയാകുന്നു. ഹോർമുസ് ഇടനാഴി ഭാഗികമായി തുറക്കുമെന്ന വാർത്തകളും ഇറാനും അമേരിക്കയുമായുള്ള സമാധാന ചർച്ചകളും അവഗണിച്ച് ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 108 ഡോളറിലേക്ക് വീണ്ടും ഉയർന്നു. ഇതോടെ ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്ക ശക്തമായി.

യുദ്ധം തുടങ്ങുന്നതിന് മുൻപ് രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന് വില ബാരലിന് 70 ഡോളറിൽ താഴെയായിരുന്നു. പശ്ചിമേഷ്യ സംഘർഷഭരിതമായതോടെ ഒരവസരത്തിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നു. ഇറാന്റെ വൈദ്യുത പ്ളാന്റുകൾക്കെതിരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് മരവിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ 98 ഡോളർ വരെ താഴ്ന്നതിന് ശേഷമാണ് വില വീണ്ടും കത്തിക്കയറുന്നത്. റഷ്യ, ഇറാൻ എന്നിവരുടെ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം ട്രംപ് ഭാഗികമായി പിൻവലിച്ചതും ജി7 രാജ്യങ്ങളും ജപ്പാനും അധികം എണ്ണ വിപണിയിലെത്തിച്ചതും വിപണി സമ്മർദ്ദം കുറച്ചില്ല.

ഇന്ധന വിലക്കയറ്റം രൂക്ഷമാകും

ക്രൂഡോയിൽ വിപണിയിലെ സമ്മർദ്ദം ഇന്ത്യയിലും ഇന്ധന വിലക്കുതിപ്പുണ്ടാക്കും. കഴിഞ്ഞ ദിവസം പൊതുമേഖല എണ്ണക്കമ്പനികൾ പ്രീമിയം പെട്രോളിന്റെ വില രണ്ട് രൂപയിലധികം വർദ്ധിപ്പിച്ചിരുന്നു. ഉത്പാദന ചെലവ് ഉയർന്നതോടെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ വരെ വർദ്ധിപ്പിച്ചു. ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ റീട്ടെയിൽ വില ഉയർത്താൻ പൊതുമേഖല കമ്പനികൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി.

പ്രതിസന്ധി വ്യാപിക്കുന്നു

1. പാചക വാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും റെസ്‌റ്ററന്റുകളും പ്രവർത്തനം നിയന്ത്രിച്ചതോടെ വിനോദ സഞ്ചാര മേഖല മന്ദഗതിയിലാകുന്നു

2. അസംസ്‌കൃത സാധനങ്ങളുടെ ക്ഷാമവും ഇന്ധന വിലയിലെ കുതിപ്പും കണക്കിലെടുത്ത് രാസവളം, സ്‌റ്റീൽ, സിമന്റ് ഉത്പാദനം കമ്പനികൾ കുറയ്ക്കുന്നു

3. ക്രൂഡോയിൽ വിലയിലെ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും വ്യാപാര കമ്മി ഉയർത്തുമെന്ന ആശങ്കയിൽ നിക്ഷേപകരുടെ വിശ്വാസം ഇടിയുന്നു

4. ഭക്ഷ്യ ഉത്പന്നങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം രൂക്ഷമായതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പലിശ കൂട്ടിയേക്കും

നടപ്പുവർഷം ഇന്ത്യയുടെ മൊത്തം ഇന്ധന ഇറക്കുമതി

10,610 കോടി ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360