SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

അനിശ്ചിതത്വമൊഴിയാതെ ഓഹരി വിപണി

vipani-leed

പശ്ചിമേഷ്യയിലെ യുദ്ധം വെല്ലുവിളി

കൊച്ചി: പശ്ചിമേഷ്യയിൽ സമാധാനം വൈകുമെന്ന ആശങ്കയിൽ ഇന്ത്യൻ ഓഹരി വിപണി വീണ്ടും തകർന്നു. നാല് ദിവസം തുടർച്ചയായി മുന്നേറിയതിന് ശേഷമാണ് വിപണി തിരിച്ചടി നേരിട്ടത്. ബുധനാഴ്ച ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞതോടെ നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടിയിരുന്നു. എന്നാൽ ഗൾഫ് മേഖലയിൽ ആക്രമണം തുടർന്നതോടെ ക്രൂഡോയിൽ വില ഇന്നലെ വീണ്ടും ബാരലിന് നൂറ് ഡോളറിന് അടുത്തെത്തി.

സെൻസെക്‌സ് 931.25 പോയിന്റ് ഇടിഞ്ഞ് 76,631.65ൽ അവസാനിച്ചു. നിഫ്‌റ്റി 222.25 പോയിന്റ് നഷ്‌ടവുമായി 23,775.10ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളിലും കനത്ത വിൽപ്പന സമ്മർദ്ദമാണ് ദൃശ്യമായി. ബാങ്കിംഗ് മേഖലയിലെ ഓഹരികളും കനത്ത തിരിച്ചടി നേരിട്ടു. ടി.സി.എസ് ഇന്നലെ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതോടെ ഐ.ടി ഓഹരികൾ വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കിയേക്കും.

യുദ്ധം നിലയ്ക്കുന്നില്ല

ഇറാനുമായി അമേരിക്ക വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് ശേഷവും പശ്ചിമേഷ്യയിൽ ആക്രമണം വ്യാപകമായതാണ് നിക്ഷേപകരെ മുൾമുനയിലാക്കുന്നത്. സമാധാനത്തിലേക്ക് ഗൾഫ് മേഖല നീങ്ങുന്നുവെന്ന പ്രതീക്ഷയിൽ ബുധനാഴ്ച കുതിച്ചുയർന്ന ഓഹരി വിപണി ഇന്നലെ കനത്ത തകർച്ച നേരിട്ടു. ഹോർമുസ് ഇടനാഴി തുറക്കുമെന്ന പ്രതീക്ഷയിൽ വിപണിയിലേക്ക് തിരിച്ചെത്തിയ നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്ന വാർത്തകളാണ് ഇന്നലെ പുറത്തുവന്നത്. ലബണനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതും യു.എ.ഇ, ബഹറിൻ എന്നിവർക്കെതിരെ ഇറാൻ മിസൈൽ യുദ്ധം സജീവമാക്കിയതും

തിരിച്ചടിയായി.

ക്രൂഡ് വില വീണ്ടും 100 ഡോളറിലേക്ക്

സമാധാന നീക്കങ്ങളിൽ സംശയങ്ങൾ ഉയർന്നതോടെ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് നീങ്ങുന്നു. ഇതോടെ ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിൽ തുടരുമെന്ന ആശങ്ക ശക്തമാണ്. യുദ്ധം നീളുമെന്ന സൂചന ലഭിച്ചതോടെ ആഗോള തലത്തിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചു. ഇതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.

സ്വർണ വിലയിൽ ചാഞ്ചാട്ടം

പശ്ചിമേഷ്യയിലെ സംഘർഷം സ്വർണ വിപണിയിൽ ചാഞ്ചാട്ടം ശക്തമാക്കുന്നു. നിലവിൽ വില രാജ്യാന്തര വിപണിയിൽ ഔൺസിന് 4,780 ഡോളറിലാണ്. കേരളത്തിൽ രാവിലെ ഇടിഞ്ഞ സ്വർണ വില വൈകുന്നേരം ഉയർന്നു. പവൻ വില രാവിലെ 1,720 രൂപ കുറഞ്ഞ് 1,11,080 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ ട്രെൻഡ് മാറിയതോടെ പവൻ വില 520 രൂപ കൂടി 1,11,600 രൂപയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360