SignIn
Kerala Kaumudi Online
Thursday, 21 May 2026 2.53 AM IST

മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ ഉറങ്ങി എണീറ്റപ്പോൾ പണി പോയി!

meta

കൊച്ചി: ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ജോലി പോയി! ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് ആണ് ആഗോളതലത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടുന്നത്. ചെലവ് കുറയ്ക്കാനും എ.ഐ അധിഷ്ഠിത ഓട്ടോമേഷനിലൂടെ ഉത്പാദനം വർദ്ധിപ്പിക്കാനുമുള്ള പുന:സംഘടനയുടെ ഭാഗമായാണ് നടപടി. ഇതിനുപുറമെ 7,000 ജീവനക്കാരെ പുതുതായി രൂപീകരിച്ച എ.ഐ വിഭാഗങ്ങളിലേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിംഗപ്പൂരിലെ ഏഷ്യൻ ഹബ്ബിലുള്ളവർക്കാണ് പുലർച്ചെ 4 മണിക്ക് പിരിച്ചുവിടൽ സംബന്ധിച്ച ആദ്യ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചത്. എൻജിനിയറിംഗ്, പ്രൊഡക്ട് ടീമുകളെയാണ് ഈ നടപടി പ്രധാനമായും ബാധിക്കുക. യൂറോപ്പിലെയും യു.എസിലെയും ജീവനക്കാർക്കും ഉടൻ അറിയിപ്പ് ലഭിക്കും. നിലവിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് അവസാനത്തെ കണക്കനുസരിച്ച് 80,000 ജീവനക്കാരാണ് മെറ്റയിലുണ്ടായിരുന്നത്.

ചെറിയ ടീമുകളിലൂടെ കൂടുതൽ ഉത്തരവാദിത്വത്തോടെയും വേഗത്തിലും പ്രവർത്തിക്കാൻ പുതിയ ഘടന സഹായിക്കുമെന്ന് മെറ്റാ പീപ്പിൾ ഹെഡ് ജനീൽ ഗെയ്ൽ പറഞ്ഞു. ഗൂഗിൾ, ഓപ്പൺ എ.ഐ തുടങ്ങിയ എതിരാളികളോട് മത്സരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എ.ഐ) മുൻഗണന നൽകുന്ന മാർക്ക് സക്കർബർഗിന്റെ നയമാണ് വൻതോതിലുള്ള ഈ മാറ്റങ്ങൾക്ക് പിന്നിൽ. എ.ഐ സാങ്കേതികവിദ്യയ്ക്കായി 100 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

തുടർച്ചയായ പിരിച്ചുവിടലുകൾ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. എ.ഐ പരിശീലനത്തിനായി ജീവനക്കാരുടെ ഉപകരണങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ ആയിരത്തിലധികം പേർ ഒപ്പിട്ട നിവേദനം സക്കർബർഗിന് സമർപ്പിച്ചു. അതേസമയം, മെറ്റയുടെ അമിതമായ എ.ഐ നിക്ഷേപം ലാഭകരമാകുമോ എന്ന കാര്യത്തിൽ നിക്ഷേപകർക്കും ആശങ്കയുണ്ട്. പിരിച്ചുവിടലിലൂടെ 3 ബില്യൺ ഡോളർ ലാഭിക്കാമെന്ന് കണക്കാക്കുമ്പോഴും കമ്പനിയുടെ ആകെ മൂലധനച്ചെലവ് 145 ബില്യൺ ഡോളറിലെത്തുമെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360