
കൊച്ചി: ഇറാനും അമേരിക്കയും സമാധാന കരാർ ഒപ്പുവയ്ക്കുമെന്ന് ഉറപ്പായതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെയും കുതിപ്പ് തുടർന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂക്കുകുത്തിയതാണ് ഓഹരി നിക്ഷേപകർക്ക് ആവേശം പകർന്നത്. ഇതോടൊപ്പം വിദേശ ഫണ്ടുകളും വാങ്ങൽ താത്പര്യം ഉയർത്തി.
ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 4.3 ശതമാനം ഇടിഞ്ഞ് 84 ഡോളറിലെത്തി. ഡബ്‌ള്യു.ടി.ഐ ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്കും താഴ്ന്നു. ഇന്ധന വില കുറഞ്ഞതും ഹോർമുസ് ഇടനാഴിയിലൂടെ സുഗമമായ കപ്പൽ ഗതാഗതം സാദ്ധ്യമാകുന്നതും സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണർവാകും. സെൻസെക്‌സ് 735 പോയിന്റ് നേട്ടത്തോടെ 76,264ൽ അവസാനിച്ചു. നിഫ്‌റ്റി 231 പോയിന്റ് ഉയർന്ന് 23,854ൽ എത്തി.
രൂപ അഞ്ച് മാസത്തെ ഉയർന്ന തലത്തിൽ
പശ്ചിമേഷ്യയിലെ സമാധാന കരാറും ക്രൂഡ് വിലയിലെ ഇടിവും രൂപയ്ക്ക് കരുത്തായി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 0.4 ശതമാനം നേട്ടത്തോടെ അഞ്ച് മാസത്തെ ഉയർന്ന തലമായി 94.71ൽ എത്തി. സാമ്പത്തിക അനിശ്ചിതത്വം ഒഴിഞ്ഞതോടെ ആഗോള ഫണ്ടുകൾ വീണ്ടും ഇന്ത്യയിലേക്ക് പണമൊഴുക്കിയതും രൂപയ്ക്ക് അനുകൂലമായി.
സ്വർണത്തിനും കുതിപ്പ്
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,336 ഡോളറിലെത്തി. ഇതോടെ കേരളത്തിൽ പവൻ വില 1,800 രൂപ ഉയർന്ന് 1,11,120 രൂപയിലെത്തി. ഗ്രാമിന്റെ വില 225 രൂപ വർദ്ധിച്ച് 13,890 രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |