
' സാമ്പത്തിക വിജയത്തിന് 'ഗോൾ' സെറ്റ് ചെയ്യേണ്ടതുണ്ട്. 'ഗോൾ' നേടാനായില്ലെങ്കിൽ ജീവിതം തോറ്റ കളിയാകും. ലക്ഷ്യബോധവും സാമ്പത്തിക ആസൂത്രണവും ഇല്ലെങ്കിൽ അദ്ധ്വാനത്തിന്റെ ഫലം ലഭിക്കില്ല. സമ്പത്തിനായുള്ള കഠിനാധ്വാനം ലക്ഷ്യപ്രാപ്തിയിൽ എത്തണമെങ്കിൽ വ്യക്തമായ ആസൂത്രണത്തോടെ ഗെയിം പ്ലാൻ തയ്യാറാക്കണം. സമ്പാദ്യവും നിക്ഷേപവും കേവലം പണം മാറ്റിവെക്കൽ മാത്രമല്ല, വ്യക്തമായ ലക്ഷ്യത്തോടെയുള്ള ആസൂത്രിത യാത്രയാണ്.
നാളേക്കായി മൂന്ന് ഗോൾഡൻ റൂൾസ്
1. നേരത്തെ നിക്ഷേപം തുടങ്ങുക
2. കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കുക
3. ദീർഘകാല കാഴ്ചപ്പാട് നിലനിറുത്തുക
പ്ലാനിംഗ്
വ്യക്തമായ ഒരു സാമ്പത്തിക പ്ലാൻ തയ്യാറാക്കുകയെന്നതാണ് പ്രധാനം. വരുമാനം നേടിത്തുടങ്ങുമ്പോൾ തന്നെ വേണമിത്. ഇതിനായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യമായി നിർവചിക്കുക. ഓരോ ലക്ഷ്യത്തിനും എത്ര തുക ആവശ്യമായി വരുമെന്നും അത് നേടിയെടുക്കാന്‍ എത്ര സമയപരിധിയുണ്ടെന്നും മുൻകൂട്ടി കണക്കാക്കണം. കൂട്ടുപലിശയുടെ ശക്തിയാണ് തിരിച്ചറിയേണ്ട മറ്റൊരു പ്രധാന കാര്യം. ചെറിയ തുകകൾ കൊണ്ടാണ് നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നതെങ്കിലും നിരാശരാകേണ്ടതില്ല. ദീർഘകാല നിക്ഷേപങ്ങളിലൂടെ കൂട്ടുപലിശയുടെ ഗുണം പൂർണമായി ലഭിക്കും.
നിക്ഷേപത്തിന് പ്രാമുഖ്യം
വരുമാനത്തിൽ നിന്ന് ആദ്യം നിക്ഷേപം, പിന്നീട് ചെലവ് എന്നതായിരിക്കണം പോളിസി. നിശ്ചിത തുക ലക്ഷ്യങ്ങൾക്കായി മാറ്റിവെച്ചതിന് ശേഷം ബാക്കിയുള്ളത് ചിലവുകൾക്കായി വിനിയോഗിക്കുക. ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ സഹായത്തോടെ ഓരോ ലക്ഷ്യത്തിനും അനുയോജ്യമായ സുരക്ഷിത നിക്ഷേപമാർഗങ്ങൾ തെരഞ്ഞെടുക്കണം. വിപണിയിലെയും ജീവിതസാഹചര്യങ്ങളിലെയും മാറ്റങ്ങൾക്ക് അനുസരിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തണം.
മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് തടസമില്ലാതിരിക്കാനും വിശ്രമജീവിതം ആരുടെയും സഹായമില്ലാതെ നടത്താനും മാനസികോല്ലാസ യാത്രകൾക്ക് പണം കണ്ടെത്താനും മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുള്ള ഹ്രസ്വകാല ആവശ്യങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം നിക്ഷേപം നടത്തേണ്ടതായുണ്ട്. കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള ഇത്തരം ചെറിയ നിക്ഷേപങ്ങൾ ഓരോ വ്യക്തിയുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വലിയ ആദ്യ ചുവടുവെപ്പാണ്.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപ വിദഗ്ദ്ധയാണ് ലേഖിക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |