
ഗവേഷണ, വികസന പദ്ധതികൾക്ക് മുൻതൂക്കം
കൊച്ചി: ആഗോള ഉത്പാദന കേന്ദ്രമാകുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിലും ബൗദ്ധിക സ്വത്തവകാശം സൃഷ്‌ടിക്കുന്നതിലും ഊന്നൽ നൽകി മുന്നേറാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്‌ടർ, ക്വാണ്ടം കംപ്യൂട്ടിംഗ്, റോബോട്ടിക്‌സ്, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഗവേഷണത്തിനും സ്വകാര്യ നിക്ഷേപത്തിനും പ്രോത്സാഹനം നൽകുന്ന പുതിയ നയരേഖ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും.
കാലങ്ങളായി ഇന്ത്യയുടെ ഗവേഷണ, വികസന രംഗത്തെ ചെലവ് നാമമാത്രമായിരുന്നതാണ് പുതിയ സാങ്കേതികവിദ്യകൾ സൃഷ്‌ടിക്കുന്നതിൽ പ്രധാന വെല്ലുവിളിയായിരുന്നത്. എന്നാൽ 2019 മുതൽ ഈ രംഗത്തെ ചെലവ് കുതിച്ചുയരുകയാണ്. 2019-20 വർഷത്തിൽ 1.33 ലക്ഷം കോടി രൂപയായിരുന്ന ആർ ആൻഡ് ഡി ചെലവ് 2023-24ൽ 2.45 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതേകാലയളവിൽ സ്വകാര്യ കമ്പനികളുടെ ആർ ആൻഡ് ഡി നിക്ഷേപം 44,754 കോടി രൂപയിൽ നിന്ന് 1.27 ലക്ഷം കോടി രൂപയായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, അദാനി ഗ്രൂപ്പ്, ടാറ്റ ഗ്രൂപ്പ് തുടങ്ങിയ മുൻനിര വ്യവസായ സ്ഥാപനങ്ങളും പേറ്റന്റുകൾ നേടുന്നതിന് ശ്രമം ശക്തമാക്കുകയാണ്.
സ്വകാര്യ മേഖലയെ ഗവേഷണത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി ആറ് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ ലഭ്യമാക്കുന്ന റിസർച്ച് ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നവേഷൻ(ആർ.ഡി.ഐ) പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുകയാണ്. എ.ഐ, ക്വാണ്ടം ടെക്നോളജി, ബയോടെക്നോളജി, ഊർജമാറ്റം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകൾക്കാണ് പദ്ധതി മുൻഗണന നൽകുന്നത്. പുതിയ സാങ്കേതികവിദ്യയുടെ ആശയത്തിൽ നിന്ന് ഉത്പന്നങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ഗവേഷണ സ്ഥാപനങ്ങൾ, സ്‌റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തമാക്കാനും നടപടികളുണ്ടാകും. ഇതിനകം ടെക്നോളജി ഡെവലപ്പ്‌മെന്റ് ബോർഡിന് കീഴിൽ 22 പദ്ധതികൾക്ക് 2,192 കോടി രൂപയുടെ ഫണ്ട് പദ്ധതിയിലൂടെ കൈമാറി.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 0.84 ശതമാനമാത്രമാണ് ഇപ്പോഴും ഇന്ത്യ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആഗോള രംഗത്ത് മുൻനിരയിലെത്താൻ ഗവേഷണഫലം പേറ്റന്റുകളായും വാണിജ്യ ഉത്പന്നങ്ങളായും ആഗോള ബ്രാൻഡുകളായും മാറ്റുകയാണ് അടുത്ത ഘട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |