
പലിശ തീരുമാനം കാത്ത് വിപണി
കൊച്ചി: ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ മൂന്ന് ദിവസത്തെ ധന നയ അവലോകന യോഗത്തിലെ തീരുമാനങ്ങൾ കാത്തിരിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി മുഖ്യ പലിശ നിരക്കായ റിപ്പോ കാൽ ശതമാനം വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറെയാണെങ്കിലും ഭാവിയിലേക്കുള്ള റിസർവ് ബാങ്കിന്റെ നയ സമീപനമാകും വിപണി നീക്കങ്ങളെ സ്വാധീനിക്കുക. പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡോയിൽ വിലയിലെ മുന്നേറ്റം, യു.എസ് ബോണ്ട് യീൽഡ്, വിദേശ നിക്ഷേപ ഒഴുക്ക് തുടങ്ങിയവയും ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കും. നടപ്പുവർഷത്തിലെ രണ്ടാം പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ ഈ വാരം മുതൽ പുറത്തുവരും. ഒക്ടോബർ എട്ടിന് പ്രഖ്യാപിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസിന്റെ(ടി.സി.എസ്) റിസൽട്ടാണ് വിപണി പ്രധാനമായും കാത്തിരിക്കുന്നത്. ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ ആഴ്ചകളായി തുടരുന്നതാണ് പ്രധാന ആശങ്ക. ഇന്ധന വിലയിലെ കുതിപ്പ് ഇന്ത്യയുടെ ഇറക്കുമതി ചെലവിലും ബാലൻസ് ഒഫ് പേയ്‌മെന്റിലും നാണയപ്പെരുപ്പത്തിലും സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
നിലയുറയ്ക്കാതെ രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഉയർന്ന ക്രൂഡോയിൽ വിലയും രൂപയ്ക്ക് കനത്ത സമ്മർദ്ദം സൃഷ്‌ടിക്കുന്നു. 10 വർഷ യു.എസ് ബോണ്ടുകളുടെ യീൽഡ് രണ്ട് പതിറ്റാണ്ടിനിടെയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിയും രൂപയ്ക്ക് തിരിച്ചടിയായി. റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി വിപണി ഇടപെടൽ ശക്തമാക്കിയിട്ടും കഴിഞ്ഞ വാരാന്ത്യത്തിൽ ഡോളറിനെതിരെ രൂപ 96.36ൽ വ്യാപാരം പൂർത്തിയാക്കി. കഴിഞ്ഞ വാരം ഒരവസരത്തിൽ രൂപയുടെ മൂല്യം 96 കടന്നിരുന്നു.
വിദേശ നിക്ഷേപകർ പുറത്തേക്ക്
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റം ശക്തമാക്കി. ഒക്‌ടോബർ ഒന്നിന് വിദേശ നിക്ഷേപകർ 9,484 കോടി രൂപയാണ് ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. സെപ്തംബറിൽ 44,012 കോടി രൂപയാണ് തിരിച്ചുകൊണ്ടുപോയത്. നടപ്പുവർഷത്തെ മൊത്തം വിൽപ്പന നാല് ലക്ഷം കോടി രൂപ കവിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |