
പ്രതിദിന അണ്ടർ റിക്കവറി ₹530 കോടി
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡ് വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ആഭ്യന്തര വില ഉയർത്താനാകാത്തതാണ് പ്രധാന വെല്ലുവിളി. സെപ്തംബറിൽ ഇന്ത്യൻ ബാസ്‌കറ്റ് ക്രൂഡിന്റെ ശരാശരി വില ബാരലിന് 116.01 ഡോളറായി ഉയർന്നു. ഹോർമുസ് വഴിയുള്ള ഗതാഗത തടസങ്ങളും രാജ്യാന്തര വിലയിലെ കുതിപ്പും സപ്ളൈ ശൃംഖല തടസപ്പെടുന്നതുമാണ് കമ്പനികളെ വലയ്ക്കുന്നത്. നിലവിൽ പെട്രോൾ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ഒൻപത് രൂപയും നെഗറ്റീവ് മാർജിനും ഗാർഹിക പാചകവാതക സിലിണ്ടറിന് 300 രൂപ അണ്ടർ റിക്കവറിയും നേരിടുന്നതായി പ്രമുഖ പൊതുമേഖല കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിദിനം 530 കോടി രൂപയുടെ അണ്ടർ റിക്കവറിയാണ് കമ്പനികൾക്കുണ്ടാകുന്നത്. അമേരിക്കയും ഇറാനുമായുള്ള സംഘർഷം തുടരുന്നതും സൗദിയിലെ ഈസ്‌റ്റ് വെസ്‌റ്റ് പൈപ്പ്ലൈൻ അടച്ചതും ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണവുമാണ് കഴിഞ്ഞ മാസം എണ്ണ വിലയിൽ കുതിപ്പുണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശരാശരി ക്രൂഡ് വില ബാരലിന് 66 ഡോളർ മാത്രമായിരുന്നു.
നഷ്‌ടച്ചുഴിയിൽ കമ്പനികൾ
നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ മൂന്ന് പൊതുമേഖല കമ്പനികളുടെയും സംയോജിത നഷ്‌ടം 18,150 കോടി രൂപയാണ്. എച്ച്.പി.സി.എൽ ഇക്കാലയളവിൽ 11,526 കോടി രൂപയും ബി.പി.സി.എൽ 3,962 കോടി രൂപയും ഐ.ഒ.സി 2,662 കോടി രൂപയും നഷ്‌ടം നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും കമ്പനികൾക്ക് അധിക ഭാരം സൃഷ്‌ടിച്ചു.
വില ഉയർത്തി നയാര
പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര കഴിഞ്ഞ ദിവസം പെട്രോൾ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു. രാജ്യമൊട്ടാകെ 7,000ൽ അധിക പെട്രോൾ പമ്പുകളുള്ള നയാര ഈ വർഷം രണ്ടാം തവണയാണ് വില കൂട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |