SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

വിചിത്ര അക്രഡിറ്റേഷൻ നയം: വലഞ്ഞ് മറുനാടൻ ടൂർ ഓപ്പറേറ്റർമാർ

kareem

കൊച്ചി: ടൂറിസം കേന്ദ്രീകരിച്ച് വൻ വികസനത്തിന് കേരളം ഒരുങ്ങുമ്പോഴും അക്രഡിറ്റേഷൻ നയത്തിലെ വിചിത്ര വ്യവസ്ഥകൾ ടൂർ ഓപ്പറേറ്റർമാരെ വലയ്ക്കുന്നു. സംസ്ഥാനത്തിന് പുറത്ത് കോർപ്പറേറ്റ് ആസ്ഥാനമുള്ള ടൂർ കമ്പനികൾക്കാണ് നയത്തിലെ പാളിച്ച വിനയാകുന്നത്. കേരളത്തിൽ നിരവധി ഓഫീസുകളുള്ള പ്രമുഖ ഓപ്പറേറ്റർമാർക്ക് പോലും അക്രഡിറ്റേഷൻ നിഷേധിക്കാൻ ഈ പഴുത് ഉപയോഗിക്കുന്നതായി ടൂറിസം രംഗത്തുള്ളവർ പറയുന്നു.

ഒന്നര പതിറ്റാണ്ടിന് മുൻപ് കേരള ട്രാവൽ മാർട്ട് ആവിഷ്‌കരിച്ചപ്പോഴാണ് ഈ വ്യവസ്ഥ ടൂറിസം അക്രഡിറ്റേഷൻ നയത്തിൽ ഉൾപ്പെടുത്തിയത്. വ്യവസ്ഥ തിരുത്തണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും മാറ്റമുണ്ടായിട്ടില്ല. ഇതിനാൽ കേരളത്തിൽ പ്രവർത്തിക്കുന്ന മറുനാടൻ ടൂർ ഓപ്പറേറ്റർമാർ അക്രെഡിറ്റേഷൻ പട്ടികയിൽ പുറത്തായി. സംസ്ഥാനത്ത് ഒന്നിലേറെ ഓഫീസുകളുള്ള ഇവർക്ക് കേന്ദ്ര അക്രഡിറ്റേഷനുണ്ട്. വിവിധ ഓഫീസുകൾ പ്രവർത്തിപ്പിക്കുന്ന ഈ സ്ഥാപനങ്ങൾ ജി.എസ്.ടി ഉൾപ്പെടെ പ്രാദേശിക നികുതികൾ അടക്കുന്നവരാണ്.

സ്ഥാപിത താത്പര്യമെന്ന് ആക്ഷേപം

അക്രഡിറ്റേഷൻ നയത്തിന് പിന്നിൽ സ്ഥാപിത താത്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള അക്രഡിറ്റഡ് ഏജൻസികളുടെ പട്ടിക വിദേശ ബിസിനസ് പങ്കാളികൾ പരിശോധിക്കുമ്പോൾ ഈ വ്യവസ്ഥ മറുനാടൻ സ്ഥാപനങ്ങൾക്ക് വിനയാകുന്നു. കേരളത്തിൽ ജി.എസ്.ടി രജിസ്ട്രേഷനും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും അക്രെഡിറ്റേഷൻ അനുവദിക്കണമെന്നാണ് ആവശ്യം.

''ലോകം ഒരു ടൂറിസം വില്ലേജായി മാറുമ്പോൾ ഇത്തരം സങ്കുചിത നയങ്ങൾ ഉചിതമല്ല. ടൂറിസത്തെ വ്യവസായമാക്കുന്നതിന്റെ ഭാഗമായി അക്രെഡിറ്റേഷൻ വ്യവസ്ഥ സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷ.

-വി.എസ്. അബ്ദുൾകരീം

സി.എം.ഡി,

ഫ്ലൈക്രിയേറ്റീവ് ഓൺലൈൻ

മുംബയ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360