
ബാങ്കുകളും വായ്പയെടുത്തവരും ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികളും ഒത്തുകളിക്കുന്നു
വായ്പ കുടിശ്ശികയുടെ ചെറിയ ഭാഗം വാങ്ങി സെറ്റില്‍ ചെയ്യുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പിരിക്കുന്ന സംവിധാനത്തിലെ അവിശുദ്ധ കൂട്ടുക്കെട്ടുകള്‍ തുറന്നുകാട്ടി രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബാങ്കുകളും, വായ്പയെടുത്തവരും ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികളുമായി അവിശുദ്ധ കൂട്ടൂക്കെട്ടുണ്ടെന്ന്ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വായ്പയെടുത്തവരില്‍ നിന്ന് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ അഥവാ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളെയാണ് (എ.ആര്‍.സി) ബാങ്കുകള്‍ ആശ്രയിക്കുന്നത്.
ഇത്തരം കമ്പനികള്‍ രൂപീകരണം പുന:പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. വായ്പ ബാദ്ധ്യത എ.ആര്‍.സികള്‍ക്ക് വന്‍ ഇളവുകളോടെയാണ് ബാങ്കുകള്‍ കൈമാറുന്നത്. വായ്പ കുടിശ്ശിയുടെ ചെറിയ ശതമാനം മാത്രം വാങ്ങി ഒത്തുതീര്‍ക്കുന്നു. 15% വരെ മാത്രം തുക നല്‍കി അടച്ചു തീര്‍ക്കുന്ന കേസുകളുണ്ട്. ഇതിലൂടെ എ.ആര്‍.സിയിലെ ഉദ്യോഗസ്ഥര്‍ പണമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍, ആര്‍.ബി.ഐ, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. 4 ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണം.
പൊതുപണം ഉള്‍പ്പെടുന്ന വിഷയം
പൊതുപണം ഉള്‍പ്പെടുന്ന വിഷയമായതിനാലാണ് ആശങ്കയെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട നികുതിദായകരുടെ പണം സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും കൈകളിലേക്ക് പോകുന്നതും, തട്ടിപ്പിന് കളമൊരുങ്ങുന്നതും കോടതിയെ അസ്വസ്ഥമാക്കുന്നു. ഉത്തര്‍പ്രദേശ് നോയിഡയിലെ ജെ.കെ.എം ഇന്‍ഫ്രാ പ്രൊജക്ട്‌സ് ലിമിറ്റഡിന് പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അനുവദിച്ച വായ്പയുടെ സെറ്റില്‍മെന്റിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം. 1537 കോടിയുടെ വായ്പ കുടിശ്ശിക 73.50 കോടി വാങ്ങിയാണ് ഒത്തുതീര്‍ത്തത്. ഈകേസില്‍ മാത്രം 95% പൊതുപണമാണ് നഷ്ടമായതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |