SignIn
Kerala Kaumudi Online
Monday, 14 September 2026 3.01 PM IST

ലൈംഗിക പീഡനക്കേസ്: മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കീഴടങ്ങി

tarum-tejpal
തരുൺ തേജ്പാൽ

പനാജി: ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ തെഹൽക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ ഗോവ കോടതിയിൽ കീഴടങ്ങി. ബോംബൈ ഹൈക്കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരുൺ തേജ്പാൽ നൽകിയ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ, തരുൺ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ.

ഗോവയിലെ മപുസ കോടതിയിലാണ് ഹാജരായത്. 2013 നവംബറിൽ നടന്ന പീഡനക്കേസുമായി ബന്ധപ്പെട്ട് ബോംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തരുൺ തേജ്പാലിനെ നേരത്തെ 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ഈ ശിക്ഷ ജീവപര്യന്തമായി ഉയർത്തണം എന്നാവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ഇതിനിടയിലാണ് ഹൈക്കോടതി വിധിക്കെതിരെ തേജ്പാലും ഹർജി സമർപ്പിച്ചത്.

എന്നാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ആദ്യം കീഴടങ്ങണമെന്നും അതിനുശേഷം മാത്രമേ പ്രതിയുടെ ഹർജി പരിഗണിക്കാവൂ എന്നും ഗോവ സർക്കാർ കോടതിയിൽ വാദിച്ചു. സർക്കാരിന്റെ ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി തരുൺ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാവുകയോ കീഴടങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെയാണ് സ്വയം മുന്നോട്ടുവന്ന് കീഴടങ്ങിയത്. ഇതോടെ ഹൈക്കോടതി വിധിക്കെതിരെ തരുൺ തേജ്പാൽ നൽകിയ ഹർജി സെപ്തംബർ 22ന് സുപ്രീംകോടതി പരിഗണിക്കും.

2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോവയിൽവച്ച് നടന്ന തെഹൽകയുടെ തിങ്ക്ഫെസ്റ്റ് പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റിൽവച്ച് തരൺ തേജ്പാൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സഹപ്രവർത്തകയുടെ പരാതി. തുടർന്ന് തേജ്പാൽ അറസ്റ്റിലാകുകയും 2014 ജൂലായിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2021 മേയിൽ ഗോവ സെഷൻസ് കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഗോവ സർക്കാർ ഇതിനെതിരെ ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞമാസം ബോംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് സെഷൻസ് കോടതി വിധി റദ്ദാക്കുകയും തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

English Summary

Former Tehelka editor Tarun Tejpal surrendered before a Goa court after the Supreme Court dismissed his plea challenging the Bombay High Court’s verdict in the sexual assault case. The court had earlier directed him to surrender within two weeks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TARUN TEJPAL, TEHELKA EDITOR, TARUN TEJPAL SURRENDER, TARUN TEJPAL SEXUAL ASSAULT CASE, RAPECASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360