SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.37 PM IST

ബി ജെ പി ഓഫീസിലേക്കുള്ള ആം ആദ്മി മാർച്ച് പൊലീസ് തടഞ്ഞു; 'ഓപ്പറേഷൻ ചൂൽ' ബി ജെ പി നടത്തുന്നെന്ന് കേ‌ജ്‌രിവാൾ

READ ENGLISH VERSION
kejriwal

ന്യൂഡൽഹി: ബി ജെ പി ഓഫീസിലേക്കുള്ള ആംആദ് മി പാർട്ടിയുടെ മാർച്ച് പൊലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ് മി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. പിരിഞ്ഞുപോകണമെന്ന് പൊലീസ് പ്രവർത്തകരോട് പറഞ്ഞെങ്കിലും അവർ അവിടെത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.


മോദി സർക്കാർ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. എ എ പിയുടെ വളർച്ചയെ മോദി പേടിക്കുന്നുണ്ട്. പാർട്ടിയുടെ അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കും. അതിനാൽ ആം ആദ്മിക്കുള്ളിൽ 'ഓപ്പറേഷൻ ചൂൽ' ബി ജെ പി നടത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ കേജ്‌രിവാളിന്റെ വിശ്വസ്തനായ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് നടത്തുന്നതറിഞ്ഞതിന് പിന്നാലെ ഡൽഹിയിൽ 144 പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല കൂടുതൽ പ്രതിഷേധക്കാരെത്താതിരിക്കാനായി മെട്രോ സ്‌റ്റേഷനുകൾ അടച്ചു.


ഹരിയാനയിലും ഡൽഹിയിലും മികച്ച ഭരണം കാഴ്ചവയ്ക്കാൻ ആം ആദ്മിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും കേജ്‌രിവാൾ അവകാശപ്പെട്ടു. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതിയും വനിതകൾക്ക് ആയിരം രൂപയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നാണ് ബിഭവ് കുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ബീഹാർ സ്വദേശിയായ ബിഭവ്, കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയാണ്. വിജിലൻസ് കേസിനെ തുടർന്ന് നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. മേയ് 13 ന് മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ബിഭവ് പല തവണ അടിച്ചെന്നും നെഞ്ചിലും വയറിലും ചവിട്ടിയെന്നുമാണ് എംപിയുടെ പരാതിയിൽ പറയുന്നത്. ബിഭവ് കുമാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

സ്വാതി ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്നപ്പോൾ അഴിമതി വിരുദ്ധ ബ്യൂറോ രജിസ്റ്റർ ചെയ്‌ത കേസിന്റെ പേരിൽ ബി ജെ പി ഭീഷണിപ്പെടുത്തി, അവരെ ഉപയോഗിക്കുകയാണെന്നാണ് ആം ആദ്‌മിയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ വസതിയിൽ സ്വാതി മലിവാൾ ബലംപ്രയോഗിച്ച് കടന്നുവെന്നാരോപിച്ച് ബിഭവ്‌ കുമാർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേജ്‌രിവാളിനെ ആക്രമിക്കാനാണ് എത്തിയതെന്നും എതിർത്തപ്പോഴാണ് വഴക്കുണ്ടായതെന്നും പരാതിയിൽ പറയുന്നു. വസതിയിൽ നിന്ന് സ്വാതിയെ പൊലീസ് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ പുതിയ സിസി ടിവി വീഡിയോ പുറത്തുവന്നു. സംഭവ ദിവസത്തെ ദൃശ്യമാണിത്. ഇതിൽ സ്വാതിയുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളില്ല. അൽപം മുമ്പ് കേജ്‌രിവാളിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം സിസിടിവി പിടിച്ചെടുത്തിരുന്നു. ക്രൈം സീൻ പുഃനസൃഷ്ടിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AAP, ARAVINDKEJRIWAL, DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360