SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.09 PM IST

'വന്ദേമാതരം പൂർണമായും ആലപിക്കാത്തവർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു'; സുപ്രീംകോടതി

supreme-court
സുപ്രീംകോടതി

ന്യൂഡൽഹി: മതപരമായ കാരണങ്ങളാലോ മന:സാക്ഷിപരമായ എതിർപ്പിന്റെ പേരിലോ വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീംകോടതി. വന്ദേമാതരത്തിലെ ആറു ചരണങ്ങളും നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ശിക്ഷാനിയമത്തെ ചോദ്യം ചെയ്‌ത് കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്‌ണ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌ മല്യ ബാഗ്‌ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വന്ദേമാതരം ആലപിക്കാത്തത് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റാനാകുമോയെന്ന വിഷയം വിശദമായി പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. വന്ദേമാതരം ദേശീയ ഗീതമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും ശിക്ഷാനടപടികൾ മൗലികാവകാശങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൃഷ്‌ണയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കണമെന്ന കേന്ദ്ര സ‌ർക്കാരിന്റെ നിർദേശത്തെയാണ് കൃഷ്‌ണ പ്രധാനമായും ചോദ്യം ചെയ്യുന്നത്. 'വന്ദേമാതരത്തിന്റെ അവസാന നാല് ചരണങ്ങൾ ഹിന്ദു ദൈവങ്ങളോടുള്ള ഭക്തിയാണ് സൂചിപ്പിക്കുന്നത്. ആ ഭാഗങ്ങൾ നിർബന്ധമായും ആലപിക്കണമെന്ന് പറയുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ്'- കൃഷ്‌ണ ഹർജിയിൽ വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം ദേശീയഗീതത്തോടും ദേശീയഗാനത്തോടുമുള്ള അനാദരവ് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരിൽ ഒരാളെ ശിക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന 1986-ലെ ബിജോയ് ഇമ്മാനുവൽ കേസിലെ വിധി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ തുഷാർ മേത്ത ഹർജിയെ ശക്തമായി എതിർത്തു. മതേതരത്വം ഇത്രയും ഇടുങ്ങിയതാകരുതെന്നും നക്‌സലൈറ്റുകളുടെ ആശയങ്ങൾക്കനുസരിച്ച് നിയമനിർമ്മാണം നടത്താനാകില്ലെന്നും തുഷാർ മേത്ത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT, VANDE MATARAM, VANDE MATARAM CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360