
വാഷിംഗ്ടൺ: നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ (ഐ.സി.സി) പൂർണ ഉപരോധം പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ യു.എസ്. ഉപരോധം സംബന്ധിച്ച പ്രഖ്യാപനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ നടത്തുമെന്നാണ് സൂചന. ഐ.സി.സിയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഏഴ് മാസത്തിനുള്ളിൽ അവസാനിപ്പിക്കാനുള്ള കരട് പദ്ധതിക്ക് ട്രംപ് സർക്കാർ രൂപംനൽകി.
ഐ.സി.സിയിലെ ഏതാനും ഉദ്യോഗസ്ഥരെ യു.എസ് നേരത്തെ ഉപരോധപ്പട്ടികയിൽ പെടുത്തിയിരുന്നു. എന്നാൽ സ്ഥാപനത്തെ മൊത്തത്തിൽ ഉപരോധ പരിധിയിൽ വരുത്തുന്നതോടെ യു.എസ് പൗരന്മാർക്കും കമ്പനികൾക്കും ഐ.സി.സിയ്ക്ക് ഫണ്ടോ സേവനമോ മറ്റ് സഹായങ്ങളോ നൽകുന്നതിന് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ വ്യക്തമായ അനുമതി തേടേണ്ടിവരും. അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും ഐ.സി.സിയ്ക്ക് തടസങ്ങൾ നേരിടും.
ഗാസ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും യുക്രെയിൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും കോടതി നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കരാറിൽ ഒപ്പുവച്ച രാജ്യങ്ങളിൽ മാത്രമേ കോടതിക്ക് അധികാരമുള്ളൂ. കോടതിക്ക് സ്വന്തമായി പൊലീസുമില്ല. ഇസ്രയേൽ, റഷ്യ, യു.എസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ കോടതിയിലെ അംഗങ്ങളല്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങി 125 അംഗങ്ങളുണ്ട്. വാറണ്ടുള്ള വ്യക്തികൾ കരാറിലൊപ്പിട്ട രാജ്യങ്ങളിൽ പ്രവേശിച്ചാൽ ചിലപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |