SignIn
Kerala Kaumudi Online
Thursday, 22 October 2026 6.52 PM IST

ഗ്യാനേഷ് കുമാറിന്റെ തുടക്കം കേരളത്തിൽ, കുതിച്ചത് അമിത്ഷായ്ക്കൊപ്പം

e

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ ഉത്തർപ്രദേശ് സ്വദേശിയാണെങ്കിലും സിവിൽ സർവീസിൽ ജോലി തുടങ്ങിയത് കേരളത്തിലാണ്. വളർച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ഒപ്പം. കേരളത്തിൽ നിന്ന് കേന്ദ്ര സർവ്വീസിലേക്ക് മാറിപ്പോയ ഗ്യാനേഷ് കുമാർ അമിത്ഷാ ആഭ്യന്തരമന്ത്രിയായപ്പോൾ ജോയിന്റ് സെക്രട്ടറിയായി. ജമ്മു കാശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനമെടുത്ത സമയത്ത് ആഭ്യന്തരവകുപ്പിൽ കാശ്മീർ ഡിവിഷൻ കൈകാര്യം ചെയ്തു.പിന്നീട് ആഭ്യന്തരവകുപ്പിൽ അഡിഷണൽ സെക്രട്ടറി. അയോദ്ധ്യകേസിന്റെ നിർണായക കോടതിവിധിയ്ക്ക് അവസരമൊരുക്കികൊണ്ട് രേഖകൾ തയ്യാറാക്കി സമർപ്പിക്കാൻ മുൻകൈയെടുത്തു. കേന്ദ്രസഹകരണവകുപ്പ് അമിത്ഷാ ഏറ്റെടുത്തപ്പോൾ അതിന്റെ അധിക ചുമതലയും ഏറ്റെടുത്തു. 2024 ജനുവരിയിൽ വിരമിച്ച് രണ്ടുമാസത്തിനകം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനിൽ അംഗമായി.

1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ ഗ്യാനേഷ് കുമാറിന്റെ ആദ്യപദവി എറണാകുളം അസിസ്റ്റന്റ് കളക്ടറായാണ്. പിന്നീട് അടൂർ സബ് കളക്ടർ,കേരള പട്ടികജാതിവർഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ,കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എം.ഡി, വ്യവസായ വാണിജ്യ ഡയറക്ടർ, തിരുവനന്തപുരം വിമാനത്താവള വികസന സൊസൈറ്റി എം.ഡി, കെ.എസ്. ടി.പി.പ്രോജക്ട് ഡയറക്ടർ, കേരള ഹൗസ് റസിഡന്റ്ര് കമ്മിഷണർ,പൊതുമരാമത്ത് സെക്രട്ടറി,സിവിൽ സപ്ലൈസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് 2012ലാണ് ഡൽഹി കേരള ഹൗസിൽ റസിഡന്റ് കമ്മിഷണറായി ഡൽഹിയിലേക്ക് കളം മാറിയത്. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2016ൽ കേന്ദ്രസർവ്വീസിലേക്ക് പോകുകയും ചെയ്തു.

കാൺപൂർ ഐ.ഐ.ടി.യിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബി.ടെക് എടുത്തിട്ടുള്ള ഗ്യാനേഷ്കുമാർ ബിസിനസ് ഫിനാൻസ് അനലൈസിംഗ് വിഷയത്തിൽ ഉന്നതപഠനവും പൂർത്തിയാക്കിയിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ ഗ്യാനേഷ് കുമാറിന് 2029 ജനുവരി വരെ തുടരാനാകും. ഈ കാലയളവിൽ കേരളമുൾപ്പെടെ 20 നിയമസഭാ തിരഞ്ഞെടുപ്പുകൾ 2027ലെ രാഷ്ട്രപതി,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ,2029 ഏപ്രിലിൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്നിവ നിർവ്വഹിക്കാനാകും. ഇതിനിടയിൽ ഒരുരാജ്യം, ഒരുതിരഞ്ഞെടുപ്പ് വിഷയത്തിൽ പല നടപടികളും സ്വീകരിക്കാനും അവസരം ലഭിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360