ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹിയിലെ ജന്തർ മന്ദറിൽ ഒക്ടോബർ പത്തിന് വൻ പ്രതിഷേധത്തിന് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) തയ്യാറെടുക്കുകയാണ്. എന്നാൽ അതിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും മറ്റുനേതാക്കളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം സർക്കാർ നടത്തുന്നതായി കൂട്ടായ്മയുടെ വക്താവ് സൗരവ് ദാസ് ആരോപിച്ചു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധ (എസ്ഐആർ) നടപടിയുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രി സമൂഹാമാദ്ധ്യമങ്ങിളിലൂടെയാണ് സൗരവ് സർക്കാരിനെതിരെ രംഗത്തെത്തിയത്. സ്വേച്ഛാധിപത്യ നടപടികളിലൂടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
'എന്നെയും അഭിജീതിനെയും അശുതോഷിനെയും രത്നയെയും മറ്റ് സിജെപി നേതാക്കളെയും അറസ്റ്റ് ചെയ്യാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇത്തരം സ്വേച്ഛാധിപത്യ നടപടികൾ കൊണ്ട് പ്രതിഷേധം തടയാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. യുവതലമുറ ഉണർന്നുകഴിഞ്ഞു. ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവകാശങ്ങൾക്കും ഭാവിക്കും വേണ്ടി പോരാട്ടം തുടരണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു,"- സൗരവ് ദാസ് പറഞ്ഞു.
ജയിൽവാസമോ അതിലും ഗുരുതരമായ നടപടികളോ നേരിടാൻ തങ്ങൾ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാജ്യത്തെ യുവാക്കൾ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 10 മുതൽ രാജ്യത്തെ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിന് ഇന്ത്യയിലെ ജനങ്ങൾ തയ്യാറാകണമെന്നും സൗരവ് ദാസ് ആഹ്വാനം ചെയ്തു.
സൗരവ് ദാസിന്റെ ആരോപണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് അഭിജീത് ദീപ്കെയും രംഗത്തെത്തി. 'എത്ര പേരെ അറസ്റ്റ് ചെയ്യും, അമിത് ഷാ? ഒക്ടോബർ 10ന് രാജ്യം മുഴുവൻ എത്തുകയാണ്," - അഭിജീത് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്ദറിലും പരിസരത്തും ശക്തമായി തുടരുകയാണ്. എഐഎസ്എ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, എഎപി തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ഒക്ടോബർ രണ്ടുമുതൽ ഡൽഹി പൊലീസ് ജന്തർ മന്ദറിലേക്കുള്ള പ്രതിഷേധ മാർച്ചുകൾ തടയുകയും നൂറുകണക്കിന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ ഐസയുടെ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ആതിഷി, എഎപി ഡൽഹി അദ്ധ്യക്ഷൻ സൗരഭ് ഭരദ്വാജ്, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ െഎന്നിവരെയും പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
CJP founder Abhijeet Dipke and other leaders may be arrested ahead of the October 10 Jantar Mantar protest demanding Chief Election Commissioner Gyanesh Kumar’s resignation, spokesperson Saurav Das alleged. He warned that arrests would not stop the movement. AISA, SFI, DYFI, Indian Youth Congress and AAP have also protested. Several leaders, including Atishi, Saurabh Bharadwaj, Neha Bora, Yogendra Yadav and Prashant Bhushan, were detained.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |