SignIn
Kerala Kaumudi Online
Friday, 23 October 2026 4.30 AM IST

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

driving-
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനും വിലാസം മാറ്റുന്നതിനുമുള്ള നടപടികൾ എളുപ്പത്തിലാക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ലൈസൻസിലെ പേര് അടക്കമുള്ള വിവരങ്ങൾ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും വിലാസം മാറ്റുന്നതിനും 30 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ അംഗീകാരം ലഭിച്ചതായി കണക്കാക്കാനും നിർദേശമുണ്ട്.

1989ലെ കേന്ദ്ര മോട്ടാേർ വാഹനവകുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദ്ദേശങ്ങൾ. ഇതുസംബന്ധിച്ച് കരട് ഭേദഗതികൾ കേന്ദ്ര റോഡ് ഗതാഗത , ദേശീയ പാത മന്ത്രാലായം പ്രസിദ്ധീകരിച്ചു. നിലവിൽ ഡ്രൈവിംഗ് ലൈസൻസിലെ പേരോ മറ്റ് വിവരങ്ങളോ മാറ്റുന്നതിന് ഈടാക്കുന്ന 200 രൂപയുടെ ഫീസ് ഒഴിവാക്കാനും നിർദേശമുണ്ട്.

ലൈസൻസിലെ വിവരങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷകളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കാൻ ലൈസൻസിംഗ് അതോറിറ്റിയെ ബാധ്യസ്ഥമാക്കുന്ന പുതിയ ചട്ടമാണ് നിർദേശിച്ചിരിക്കുന്നത്. അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ വേണം. രേഖമൂലം അപേക്ഷകനെ അറിയിക്കണം. ഓൺലൈൻ സംവിധാനങ്ങളിലൂടെയോ നിർദേശിക്കപ്പെടുന്ന മറ്റ് മാർഗങ്ങളിലൂടെയോ അറിയിപ്പ് നൽകാം.

30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതർ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ലെങ്കിൽ അപേക്ഷ അംഗീകരിച്ചതായി കണക്കാക്കും. എന്നാൽ ഈ വ്യവസ്ഥ വിലാസം മാറ്റുന്നതിന് മാത്രമാകും ബാധകം. ലൈസൻസിലെ മറ്റ് വിവരങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷകൾക്ക് ഇത് ബാധകമല്ല. ഡ്രൈവിംഗ് ലൈസൻസിലെ പേര്, മറ്റ് വ്യക്തിഗത വിവരങ്ങൾ, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ആധാർ അധിഷ്ഠിത ഓൺലൈൻ തിരിച്ചറിയൽ പരിശോധനയിലൂടെ ലഭിക്കുന്ന സേവനങ്ങൾക്കും ഫീസ് ഒഴിവാക്കാനുള്ള വ്യവസ്ഥ കരടിലുണ്ട്.

അതേസമയം വാഹന രജിസ്‌ട്രേഷൻ രേഖകളിൽ ഉടമയുടെ താമസസ്ഥലത്തെ വിലാസം മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും നിർദേശമുണ്ട്. താമസസ്ഥലം മാറിയതിനെത്തുടർന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) സമർപ്പിക്കാൻ വൈകിയാലുള്ള അധിക പിഴയും ഒഴിവാക്കും. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ഓരോ മാസത്തെയും കാലതാമസത്തിന് 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയുമായിരുന്നു അധികമായി ഈടാക്കിയിരുന്നത്. ഒരു മാസം തികയുന്നതിന് മുമ്പ് വൈകിയാലും പിഴ നൽകണം. പുതിയ നിയമം നടപ്പായാൽ ഇത് ഒഴിവാകും.

ലൈസൻസ് പുതുക്കൽ, ലൈസൻസ് നഷ്ടപ്പെട്ടാൽ പകരം പുതിയത് എടുക്കൽ, ലൈസൻസിൽ പുതിയ വാഹനം ചേർക്കൽ, വ്യക്തിഗത വിവരങ്ങൾ തിരുത്തൽ തുടങ്ങിയ ആവശ്യങ്ങൾക്ക് പുതിയ ഫോറം 2എ കൊണ്ടുവരാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കാം. ഇലക്ട്രോണിക് ഒപ്പ് ഉപയോഗിച്ചോ കേന്ദ്രം അംഗീകരിക്കുന്ന മറ്റ് മാർഗങ്ങളിലൂടെയോ തിരിച്ചറിയൽ ഉറപ്പാക്കാം. സാരഥി പോർട്ടലിൽ നേരത്തേ നൽകിയിട്ടുള്ള ലൈസൻസ് വിവരങ്ങൾ വീണ്ടും നൽകേണ്ടതില്ല.


അതേസമയം പുതിയ നിർദേശങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. കരട് വിജ്ഞാപനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തീയതി മുതൽ 30 ദിവസത്തിനകം ഇതുസംബന്ധിച്ച എതിർപ്പുകളും നിർദേശങ്ങളും അറിയിക്കാം. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കേന്ദ്ര സർക്കാർ പുതിയ നിയമത്തിന് അന്തിമരൂപം നൽകുക. അതുവരെ നിലവിലുള്ള ഫീസുകളും നടപടിക്രമങ്ങളും തുടരും.

English Summary

The Central government proposes significant changes to simplify driving license procedures and reduce costs. Draft amendments include waiving fees for correcting personal details and changing addresses on licenses. For address changes, applications will be deemed approved if not decided within 30 days. Vehicle registration address change fees and late NOC penalties are also to be eliminated, reducing financial burdens on citizens.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING LICENCE ADREESS CHANGE, LATESTNEWS, CENTRE GOVERNMENT, NATIONALNEWS, NOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360