SignIn
Kerala Kaumudi Online
Friday, 23 October 2026 4.43 AM IST

കോൺഗ്രസ് 30 വർഷത്തേക്ക് അധികാരത്തിലെത്തില്ല: അമിത് ഷാ

r

ന്യൂഡൽഹി: പ്രതിഷേധങ്ങളുടെ പേരിൽ ജനവിധിയെ മറികടക്കാനാകില്ലെന്നും അടുത്ത 30 വർഷം കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ നെഗറ്റീവ് രാഷ്‌ട്രീയം ബി.ജെ.പിക്ക് ഭരണത്തുടർച്ചയ്ക്ക് ശക്തിയാകുമെന്നും ഷാ ഡൽഹിയിൽ പറഞ്ഞു. രാഷ്ട്രീയ തന്ത്രങ്ങളും പ്രതിഷേധങ്ങളും കൊണ്ട് ജനവിധിയെ ധിക്കരിക്കാനാകില്ല. തിരഞ്ഞെടുപ്പ് ജയിക്കാൻ ജനങ്ങൾക്കിടയിൽ ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കണം.ക്ഷേമ പദ്ധതികൾ നടപ്പിലാക്കണം. ഇല്ലെങ്കിൽ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും അധികാരം നഷ്‌ടപ്പെടും. ബൂത്ത് തലത്തിലെ പ്രവർത്തകർ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ, ബി.ജെ.പി ജനങ്ങളുമായി ബന്ധം പുലർത്തുന്നു. പ്രശ്നപരിഹാരത്തിന് അക്ഷീണം പ്രവർത്തിക്കുന്നു.

ബി.ജെ.പി ജയിക്കുമ്പോഴെല്ലാം പ്രതിപക്ഷം ഫലങ്ങളെ ആവർത്തിച്ച് ചോദ്യം ചെയ്യുന്നു. അതേ വോട്ടിംഗ് യന്ത്രങ്ങൾ തന്നെയാണ് പ്രതിപക്ഷത്തെയും ജയിപ്പിച്ചത്. വോട്ട് കൊള്ള തിരഞ്ഞെടുപ്പ് പരാജയങ്ങൾ മറയ്‌ക്കാനുള്ള ഒഴികഴിവാണ്. രാഹുലും കൂട്ടരും വോട്ട് കൊള്ള ആരോപണങ്ങളുടെ മറവിൽ അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഹുലിന്റെ ഇരട്ടത്താപ്പ് നടക്കില്ല

എൻ.ഡി.എ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുമ്പുതന്നെ, പല സംസ്ഥാനങ്ങളിലും കോൺഗ്രസ് പുറത്തായിരുന്നു. കോടതി വിധികൾ അനുകൂലമാകുമ്പോൾ, ന്യായമെന്ന് പറയുന്നതും എതിരാകുമ്പോൾ, ചോദ്യം ചെയ്യുന്നതുമാണ് കോൺഗ്രസ് രീതി. രാഹുൽ ഗാന്ധിയുടെ ഈ ഇരട്ടത്താപ്പ് നടക്കില്ല.കോൺഗ്രസും അതിനുശേഷം വന്ന കേജ്‌രിവാൾ സർക്കാരും യമുന നദിയിലേക്ക് മലിനജലം ഒഴുക്കിയെന്ന് അമിത് ഷാ പറഞ്ഞു. ദിവസവും ഏകദേശം 2,000 ടൺ മാലിന്യമാണ് നദിയിലേക്കെത്തിയത്. ഹരിയാനയിൽ നിന്നുള്ള വ്യാവസായിക മാലിന്യങ്ങളും ഉത്തർപ്രദേശിൽ നിന്നുള്ള മലിനജലവും നദിയെ നശിപ്പിച്ചു.ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ബി.ജെ.പി സർക്കാരുകൾ 2029 ആകുമ്പോഴേക്കും യമുന നദിയെ വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMIT SHA, CONGRESS, LATESTNEWS, NATIONAL, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360