SignIn
Kerala Kaumudi Online
Saturday, 16 May 2026 8.27 PM IST

ഓല, യൂബർ, റാപ്പിഡോ സർവീസുകൾ അടച്ചുപൂട്ടുമോ? വ്യക്തത വരുത്തി സർക്കാർ

rapido

മുംബയ്: ഓല, യൂബർ, റാപ്പിഡോ തുടങ്ങിയ ഓൺലൈൻ ടാക്‌സി സേവനങ്ങൾ പൂർണമായും നിരോധിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് സർവീസുകൾ മുഴുവനായി നിരോധിച്ചിട്ടില്ലെന്നും പകരം അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾക്കാണ് വിലക്കേർപ്പെടുത്തിയതെന്നും സർക്കാർ വ്യക്തമാക്കി.

മഹാരാഷ്ട്ര ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (ഡിജിഐപിആർ) എക്സിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണ ഉണർത്തുന്നതാണെന്നും ഡിജിഐപിആർ വ്യക്തമാക്കി. അനധികൃതമായി ബൈക്ക് ടാക്‌സി സർവീസുകൾ നടത്തുന്ന ഓല, യൂബർ, റാപ്പിഡോ കമ്പനികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് മന്ത്രി സൈബർ ക്രൈം വകുപ്പിന് നിർദേശം നൽകിയതിന് പിന്നാലെയാണ് വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. കമ്പനി ഉടമകൾക്കെതിരെ കേസെടുക്കണമെന്ന് ട്രാൻസ്‌പോർട്ട് മന്ത്രി പ്രതാപ് സർനായിക് സൈബർ ക്രൈം വകുപ്പിന് കത്തയച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ബൈക്ക് ടാക്‌സികൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.


ആപ്പ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇത്തരം ബൈക്ക് ടാക്‌സികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. യാത്രക്കാരുടെ ഇൻഷുറൻസ് പരിരക്ഷ, ഡ്രൈവർമാരുടെ പശ്ചാത്തല പരിശോധന എന്നിവയിൽ വീഴ്ച വരുത്തുന്നു. ബൈക്ക് ടാക്‌സി ഡ്രൈവർമാരിൽ നിന്നും അതിക്രമങ്ങളും സാമ്പത്തിക തട്ടിപ്പുകളും നേരിട്ടതായി നിരവധി സ്ത്രീകളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ പലതിലും കേസെടുത്തിട്ടുമുണ്ട്. നിയമവിരുദ്ധമായി സ്വാധീനം ചെലുത്തി ഇത്തരം സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും, ആർടിഒ വകുപ്പ് ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സർക്കാരിന്റെ ഈ നീക്കത്തോട് പ്രതികരിക്കാൻ ഓല, യൂബർ, റാപ്പിഡോ കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല. ലൈസൻസ് മാനദണ്ഡങ്ങളും ഗതാഗത നിയമങ്ങളും ലംഘിച്ചതിന്റെ പേരിൽ മുൻപും മഹാരാഷ്ട്രയിൽ ബൈക്ക് ടാക്‌സി സർവീസുകൾ നിയമപരമായ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, UBER, ONLINETAXI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360