SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.02 PM IST

ടിക്കറ്റ് ബുക്കിംഗിലെ ചെറിയ പിഴവ്, യുവാവിന് ഇന്ത്യൻ റെയിൽവേ ചുമത്തിയ പിഴ 7035 രൂപ

indian-railway
പ്രതീകാത്മക ചിത്രം

ബംഗളൂരു: ടിക്കറ്റ് ബുക്ക് ചെയ്തതിനിടെയുണ്ടായ പിശകിന് യുവാവിന് ഇന്ത്യൻ റെയിവേ പിഴയിട്ടത് 7035 രൂപ. വയസ് 24 എന്നതിനുപകരം ഒന്ന് എന്ന് കാണിച്ചതാണ് പിഴയ്ക്ക് കാരണമായത്. കെഎസ്ആർ ബംഗളൂരു-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്.

രമാകാന്ത് എം എന്ന യുവാവിനാണ് പിഴ ലഭിച്ചത്. തുടർന്ന് യുവാവ് പരാതി പോർട്ടലായ റെയിൽമദദ് വഴി പിഴയെ ചോദ്യം ചെയ്തെങ്കിലും ടിക്കറ്റ് വിശദാംശങ്ങൾ യാത്രക്കാരന്റെ യഥാർത്ഥ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നുകാട്ടി റെയിൽവേ അധികൃതർ നടപടി ശരിവച്ചു.

ബംഗളൂരുവിൽ നിന്ന് രാജധാനി എക്സ്പ്രസിൽ കയറി മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു രമാകാന്ത്. ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് ഇ-ടിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന പ്രായം '24' ന് പകരം '1' ആണെന്ന് ടിടിഇയുടെ ശ്രദ്ധയിൽപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സംഭവിച്ച പിഴവാണെന്ന് യുവാവ് വ്യക്തമാക്കിയെങ്കിലും ടിടിഇ ചെവികൊണ്ടില്ല.

യുവാവ് തന്റെ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കിയെങ്കിലും ഫലമുണ്ടായില്ല. റിസർവേഷനിൽ യാത്രക്കാരന്റെ വിവരങ്ങൾ തെറ്റായി കാണിക്കുന്നതിനാൽ ടിക്കറ്റ് സാധുവല്ലെന്ന് ടിടിഇ അറിയിച്ചു. തുടർന്ന് 7035 രൂപ പിഴ ഈടാക്കുകയായിരുന്നു. യുപിഐ വഴിയാണ് യുവാവ് പിഴയൊടുക്കിയത്.

തിരികെ നാഗ്പൂരിൽ എത്തിയശേഷം പിഴത്തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് രമാകാന്ത് റെയിൽമദദ് വഴി പരാതി നൽകി. എന്നാൽ ടിടിഇയുടെ നടപടി നിലവിലുള്ള നിയമങ്ങൾക്കനുസൃതമാണെന്നായിരുന്നു റെയിൽവേയുടെ മറുപടി.

ടിക്കറ്റ് ബുക്കിംഗിന് ശേഷം ടിക്കറ്റ് വിശദാംശങ്ങൾ പരിശോധിക്കേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമാണെന്നും ചാർട്ട് തയ്യാറാക്കുന്നതിനും യാത്ര ആരംഭിക്കുന്നതിന് മുമ്പും പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടർ വഴി പൊരുത്തക്കേടുകൾ പരിഹരിക്കേണ്ടതുണ്ടെന്നും റെയിൽവേയുടെ പ്രതികരണത്തിൽ പറയുന്നു. യാത്രയ്ക്ക് മുമ്പ് ഈ പൊരുത്തക്കേട് പരിഹരിക്കാത്തതിനാൽ യാത്രക്കാരനെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണക്കാക്കുകയും 1989 ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 138 പ്രകാരം പിഴ ചുമത്തുകയും ചെയ്തതായും റെയിൽവേ വ്യക്തമാക്കുന്നു.

English Summary

A Bengaluru passenger was fined ₹7,035 by Indian Railways after his e-ticket mistakenly listed his age as 1 instead of 24. Despite producing valid ID, the TTE treated the ticket as invalid. Railways upheld the penalty, stating passengers must verify ticket details and correct errors before travel under existing rules.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAY FINE, TICKET BOOKING MISTAKE, RAILWAY TICKET AGE ERROR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360