SignIn
Kerala Kaumudi Online
Friday, 12 June 2026 1.28 PM IST

മോശം ഭക്ഷണം, യാത്രക്കാരുടെ ആരോഗ്യത്തിന് അപകടം; 15 ഇ-കാറ്ററിംഗ് വെബ്‌സൈറ്റുകൾ 'പൂട്ടിട്ട്' ഐആർസിടിസി

irctc

മുംബയ്: ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന 15 ഓളം ഇ-കാറ്ററിംഗ് വെബ്‌സൈറ്റുകൾ നിരോധിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). വ്യാജ ഇ-കാറ്ററിംഗ് സ്ഥാപനങ്ങളായ ഇവയ്‌ക്കെതിരെ വ്യാപക പരാതികൾ ഉയർന്നതോടെയാണ് ഐആർസിടിസിയുടെ നീക്കം. ഐആർസിടിസിയുടെ പശ്ചിമ മേഖലയിൽ മാത്രം 300 മുതൽ 400 വരെ പരാതികളാണ് വെബ്‌സൈറ്റുകൾക്ക് എതിരെ ലഭിച്ചത്.

ഭക്ഷണം വിതരണം ചെയ്യാത്തതും, ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമായതും, റീഫണ്ടുമായി ബന്ധപ്പെട്ട തർക്കങ്ങളും, ഉപഭോക്തൃ പിന്തുണയുടെ അഭാവവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരുടെ പരാതി. 15 വെബ്‌സൈറ്റുകൾക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും ഐആർസിടിസി അറിയിച്ചിട്ടുണ്ട്. railrestro.com, railmitra.com, comesum.com, travelkhana.com, trainscafe.com, railmeal.com തുടങ്ങിയ വെബ്‌സൈറ്റുകളാണ് നിരോധിച്ചത്.

ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് പ്ലാറ്റ്‌ഫോമുകളാണെന്ന് അവകാശപ്പെടുന്ന ഇവ രജിസ്റ്റർ ചെയ്യാത്ത വെബ്‌സൈറ്റുകളാണെന്ന് ഐആർസിടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 'ഈ ഭക്ഷണം ഞങ്ങളുടെ ക്ലൗഡ് കിച്ചണുകളിൽ നിന്നോ ഞങ്ങളുമായി ബന്ധപ്പെട്ട ബ്രാൻഡുകളിൽ നിന്നോ അല്ല വിതരണം ചെയ്യുന്നത്. ഞങ്ങളുടെ ജീവനക്കാർ അത് പരിശോധിക്കാത്തതിനാൽ ഇത്തരം വെബ്‌സൈറ്റുകൾ നൽകുന്ന ഭക്ഷണം മോശം ഗുണനിലവാരമുള്ളതായിരിക്കാം. കൂടാതെ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത അടുക്കളകളിൽ നിന്നാവാം ഇത് തയ്യാറാക്കുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരമായിരിക്കാം'- ഐആർസിടിസി അറിയിച്ചു.

ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ പലതും പിഎൻആർ നമ്പറുകൾ, മൊബൈൽ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത് ഓൺലൈൻ തട്ടിപ്പ്, സൈബർ ആക്രമണങ്ങൾ, വ്യക്തിഗത ഡാറ്റ തട്ടിപ്പ് തുടങ്ങിയ അപകട സാദ്ധ്യതകളിലേക്കും നയിക്കാം. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഐആർസിടിസിയുടെ നിരോധനം.

ബെഹ്റൂസ് ബിരിയാണി, മക്‌ഡൊണാൾഡ്സ്, ബിക്കാനീർവാല, ബിരിയാണി ബ്ലൂസ്, ബിരിയാണി ബൈ കിലോ, ഡൊമിനോസ്, ഫാസോസ്, ഫിരംഗി ബേക്ക്, ഹാൽദിറാം, കെഎഫ്സി, ലാ പിനോസ് പിസ്സ, ലഞ്ച്‌ബോക്സ്, ഓവൻ സ്റ്റോറി, പിസ്സ ഹട്ട്, സ്വീറ്റ് ട്രൂത്ത് തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെ 6,200ലധികം വെണ്ടർമാരുമായി ചേർന്നാണ് ഐആർസിടിസി പ്രവർത്തിക്കുന്നത്. ഔദ്യോഗിക ഇ-കാറ്ററിംഗ് വെബ്‌സൈറ്റ്, ഫുഡ് ഓൺ ട്രാക്ക് മൊബൈൽ ആപ്പ്, 1323 ഹെൽപ്പ്‌ലൈൻ എന്നിവയിലൂടെ മാത്രമേ യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാവൂ എന്ന് ഐആർസിടിസി നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN RAILWAY, IRCTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360