SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.59 AM IST

മദ്യനയക്കേസ് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ പരിഗണിക്കരുത്: കേജ്‌രിവാൾ

d

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള സി.ബി.ഐ അപ്പീലിൽ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ വാദം കേൾക്കരുതെന്ന നിലപാടിലുറച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ കേജ്‌രിവാൾ നേരിട്ടു ഹാജരായി. മറ്റൊരു ബെഞ്ചിലേക്ക് സി.ബി.ഐ അപ്പീൽ മാറ്റണമെന്ന അപേക്ഷ ഫയലിൽ സ്വീകരിക്കണമെന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയോട് ആവശ്യപ്പെട്ടു. അഭിഭാഷകനെ നിയോഗിക്കാൻ ഉദ്ദ്യേശിക്കുന്നില്ല. എന്തുകൊണ്ട് ജഡ്‌ജി പിന്മാറണമെന്ന് ആവശ്യപ്പെടുന്നു എന്നതിൽ നേരിട്ടു വാദം പറയാം.

തന്റെ നിയമപരമായ അവകാശമാണത്. ആർക്കും വക്കാലത്ത് നൽകിയിട്ടില്ല. ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഹ‌ർജി പിൻവലിച്ചതായും കേജ്‌രിവാൾ അറിയിച്ചു. ഇതോടെ, കേജ്‌രിവാളിന്റെ അപേക്ഷയിൽ സി.ബി.ഐക്ക് നോട്ടീസ് അയക്കാൻ സ്വരാന കാന്ത ശർമ്മ ഉത്തരവിട്ടു. 13ന് വാദം കേൾക്കും. കേജ്‌രിവാൾ നേരിട്ടു വാദിക്കുന്നതിൽ എതിർപ്പില്ലെന്ന് സി.ബി.ഐയ്‌ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ കേസ്

കേജ്‌രിവാൾ അടക്കം കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്‌താണ് ‌ഡൽഹി ഹൈക്കോടതിയിലെ സി.ബി.ഐ ഹർജി. വനിതാ ജഡ്‌ജി നിഷ്‌പക്ഷയല്ലെന്നും, മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നും കേജ്‌രിവാൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരത്തെ കത്തു നൽകിയിരുന്നെങ്കിലും നിരസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിധിയിൽ സി.ബി.ഐയെ അതിരൂക്ഷമായാണ് ഡൽഹി റൗസ് അവന്യു കോടതി വിമർശിച്ചിരുന്നത്. പരാമർശങ്ങൾ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ സ്റ്റേ ചെയ്‌തിരുന്നു. തിഹാർ ജയിലിലായിരുന്ന കാലത്ത് കേജ്‌രിവാളിന്റെ അറസ്റ്റ് ഇതേ ജഡ്‌ജി ശരിവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360