SignIn
Kerala Kaumudi Online
Friday, 26 June 2026 11.29 PM IST

ഇന്ത്യയെ അട്ടിമറിച്ച് അയര്‍ലാന്‍ഡ്; ഒന്നാം ട്വന്റി 20യില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി ശ്രേയസും സംഘവും

READ ENGLISH VERSION
ire-vs-ind

ബെല്‍ഫാസ്റ്റ്: നായകനായുള്ള ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തില്‍ ഇന്ത്യയെ അട്ടിമറിച്ച് അയര്‍ലാന്‍ഡ്. ഒന്നാം ട്വന്റി 20യില്‍ 34 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിനുള്ള ഇന്ത്യയുടെ മറുപടി 18.5 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ഇതാദ്യമായിട്ടാണ് അയര്‍ലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി 50 (20) നേടി മികച്ച തുടക്കം നല്‍കി. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുകളും താരം അടിച്ചു. എന്നാല്‍ സഹ ഓപ്പണര്‍ സഞ്ജു സാംസണ്‍ 5(4), ഇഷാന്‍ കിഷന്‍ 1(5), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 3(7) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീട് വന്ന തിലക് വര്‍മ്മ 19(21), വാഷിംഗ്ടണ്‍ സുന്ദര്‍ 9(12) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി.

ഇരുവരും പുറത്താകുമ്പോള്‍ 12 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴാമനായി ശിവം ദൂബെ 25(14) മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായി. 16 ഓവറില്‍ ഏഴിന് 135 എന്ന നിലയിലായിരുന്നു ഈ സമയത്ത് ഇന്ത്യ. തൊട്ടടുത്ത ഓവറില്‍ അക്‌സര്‍ പട്ടേല്‍ 15(16) വീണതോടെ ഇന്ത്യ മത്സരത്തില്‍ തോല്‍വി ഉറപ്പിക്കുകയും ചെയ്തു. ഹര്‍ഷിത് റാണ 8(9), അര്‍ഷ്ദീപ് 2(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ലോക്രാന്‍ ടക്കര്‍ 50(36), ഗാരേത് ഡിലാനി 49(32) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. ഓപ്പണര്‍മാരായ ടിം ടെക്ടര്‍ 17(12), റോസ് അഡെയിര്‍ 12(7) റണ്‍സ് വീതം നേടി പുറത്തായി. ഹാരി ടെക്ടര്‍ 0(3), ബെഞ്ചമിന്‍ കാലിറ്റ്‌സ് 15(11), ലിയാം മക്കാര്‍ത്തി 7(5), മാത്യു ഹംഫ്രേസ് 2(3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ശിവം ദൂബെ ഒരു വിക്കറ്റും വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IND VS IRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360