ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി മാപ്പുപറയണമെന്ന് പാർലമെന്ററി സമിതി അറിയിച്ചു. അല്ലാത്തപക്ഷം മെറ്റയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന 'സേഫ് ഹാർബർ' എന്ന നിയമപരിരക്ഷ പിൻവലിക്കാൻ ശുപാർശ ചെയ്യുമെന്നും സമിതി മുന്നറിയിപ്പ് നൽകി. ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനായി കർശന നടപടി സ്വീകരിക്കുമെന്ന് മോദി യുവാക്കളോട് പറയുന്ന വീഡിയോയാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്.
ഫേസ്ബുക്കിൽ നിന്ന് വീഡിയോ നഷടമായതിന് പിന്നാലെ മെറ്റയുടെ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തിയിരുന്നു. കടുത്ത ചോദ്യങ്ങളാണ് മെറ്റ പ്രതിനിധികൾക്ക് നേരെ പാർലമെന്ററി സമിതി ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയുടെ അദ്ധ്യക്ഷതയിലുള്ള ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് മെറ്റ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സമിതി ചൂണ്ടിക്കാട്ടുകയായിരുന്നു. മൂന്ന് ദിവസത്തിനകം സക്കർബർഗ് നിരുപാധികം മാപ്പുപറയണമെന്നാണ് സമിതി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ സാങ്കേതിക തകരാറുമൂലമാണ് താൽക്കാലികമായി നീക്കം ചെയ്യപ്പെട്ടത്. പിന്നീട് ഇതേ വീഡിയോ മെറ്റ പുനസ്ഥാപിച്ചിരുന്നു. വീഡിയോ നീക്കം ചെയ്യപ്പെട്ടതിൽ മെറ്റ ഖേദവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഈ വിശദീകരണം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർലമെന്ററി സമിതിയുടെ നിലപാട്. സക്കർബർഗ് നേരിട്ട് മാപ്പുപറഞ്ഞില്ലെങ്കിൽ വിവരസാങ്കേതിക നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം മെറ്റയ്ക്ക് ലഭിക്കുന്ന സേഫ് ഹാർബർ നിയമപരിരക്ഷ പിൻവലിക്കുമെന്നാണ് അന്തിമ അറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ ഐടി നിയമപ്രകാരം, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് നേരിട്ട് നിയമപരമായ ഉത്തരവാദികളാകാതിരിക്കാൻ ലഭിക്കുന്ന പരിരക്ഷയാണ് സേഫ് ഹാർബർ. ഈ സംരക്ഷണം നഷ്ടമായാൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെ നിയമപരമായ ഉത്തരവാദിത്തം മെറ്റ പോലുള്ള കമ്പനികൾക്ക് നേരിട്ട് ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
India's Parliamentary Standing Committee has asked Meta CEO Mark Zuckerberg to personally apologize within three days after Prime Minister Narendra Modi's Facebook video was temporarily removed. The committee warned that Meta could lose its Safe Harbour protection under Section 79 of the IT Act if it fails to comply. Meta cited a technical error, restored the video, and expressed regret.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |