SignIn
Kerala Kaumudi Online
Monday, 21 September 2026 3.54 PM IST

രക്ഷാദൗത്യം വിജയത്തിലേക്ക്,  രക്ഷാസേന തുരങ്കത്തിൽ എത്തി, ഇന്ന് വെളുപ്പിന് രക്ഷപ്പെടുത്തിയേക്കും

READ ENGLISH VERSION

tunnal

ഉത്തരകാശി: ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. തുരങ്കത്തിൽ 60 മീറ്ററോളം കനത്തിൽ ഇടിഞ്ഞു വീണ പാറയും മണ്ണും ഇനി 10 മീറ്റർ കൂടി തുരന്നാൽ തൊഴിലാളികളുടെ അടുത്ത് രക്ഷാപ്രവർത്തകർക്ക് എത്താം. ആറ് മീറ്റർ നീളമുള്ള രണ്ട് പൈപ്പുകൾ കൂടി കടത്തിയാൽ മതി.

അതിനിടെ,​ ഓഗർ ഡ്രില്ലിംഗ് യന്ത്രം ഇന്നലെ രാത്രി ഇരുമ്പു പാളിയിൽ ഇടിച്ച് ബ്ളേഡിന് കേടു സംഭവിച്ചത് ചെറിയ തടസ്സമായി. തകരാർ പരിഹരിക്കാനായാൽ ഇന്ന് പുലർച്ചെയോടെ എല്ലാ തൊഴിലാളികളെയും പുറത്ത് എത്തിക്കാനാവും. തൊഴിലാളികൾ കുടുങ്ങിയിട്ട് പതിനൊന്ന് ദിവസമായി. ഇന്നലെ അവർക്ക് ഖരരൂപത്തിലുള്ള ഭക്ഷണം നൽകി. വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു.

ഡ്രില്ലിംഗ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ദുരന്തനിവാരണ സേനയിലെ വിദഗ്ദ്ധർ തുരങ്കത്തിൽ എത്തി തയ്യാറെടുപ്പ് തുടങ്ങി. ഓക്സിജൻ മാസ്ക് ധരിച്ച് സ്ട്രെച്ചറുകളുമായി ഇരുമ്പ് കുഴലിലൂടെ തൊഴിലാളികൾക്കടുത്ത് എത്തി അവരെ പുറത്ത് എത്തിക്കുന്നത് ഇവരാണ്.

രക്ഷപ്പെടുത്തിയാലുടൻ തൊഴിലാളികൾക്ക് വൈദ്യ സഹായം നൽകും. ഇതിനായി ഉത്തരകാശി ജില്ലയിലെ ചിന്യാലിസോർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്‌ച ഡ്രില്ലിംഗ് മെഷീൻ തകരാറിലായതിനെത്തുടർന്ന് രക്ഷാദൗത്യം നിറുത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ ഓഗർ യന്ത്രം ഡ്രില്ലിംഗ് പുനരാരംഭിച്ചത്. ശേഷിക്കുന്ന ഭാഗത്തെ ഡ്രില്ലിംഗ് ഇന്നലെ രാത്രിതന്നെ പൂർത്തിയാക്കി തൊഴിലാളികളെ രക്ഷപ്പെടുത്താൻ തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. അതിനിടെയാണ് ബ്ളേഡിന് കേടുപറ്റിയത്.

ഓഗർ തുരന്നത്

വേഗത്തിൽ

ഓഗർ മെഷീൻ ഇന്നലെ വൈകിട്ടോടെ മൊത്തം 50 മീറ്ററോളം ഡ്രില്ലിംഗ് പൂർത്തിയാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി 12.45 മുതൽ ഇന്നലെ വൈകിട്ട് വരെ 18 മീറ്ററാണ് തുരന്നത്. ഡ്രില്ലിംഗ് വേഗത്തിലാണ്. തുരന്നു കയറ്റുന്ന ഒരോ പൈപ്പിന്റെയും അറ്റത്ത് അടുത്ത പൈപ്പ് വെൽഡ് ചെയ്യുന്നതിനാണ് കൂടുതൽ സമയം വേണ്ടി വരുന്നത്. ചൊവ്വാഴ്ച രാത്രി മുതൽ മൂന്ന് പൈപ്പുകൾ (18 മീറ്റർ )​ മൂന്ന് ഘട്ടമായി തുരന്നു കയറ്റാനും വെൽഡ് ചെയ്യാനുമായി 15 മണിക്കൂർ വേണ്ടിവന്നു. അതിനിടെ സംഭവിച്ച ചെറിയ തകരാർ പരിഹരിച്ച് രാത്രിയിലും ഡ്രില്ലിംഗ് തുടരുകയാണ്. നേരത്തേ കടത്തിയ 90 സെന്റീമീറ്റർ വ്യാസമുള്ള ഇരുമ്പ് കുഴൽ ഇടിച്ചു നിന്നതോടെ അതിനകത്തു കൂടി 80സെന്റീമീറ്റർ വ്യാസമുള്ള ഇരുമ്പ് കുഴലുകളാണ് കടത്തിയത്. അത് തടസമില്ലാതെ മുന്നോട്ട് പോയതാണ് ആശ്വാസമായത്.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TUNNEL COLLAPSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360