
ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റം
ന്യൂഡൽഹി: വോട്ടർപ്പട്ടിക പരിഷ്കണ നടപടിയിൽ (എസ്.ഐ.ആർ) കേന്ദ്രസർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. എസ്.ഐ.ആർ എന്നാൽ 'ഷാ ഇൻസ്റ്റിഗേറ്റഡ് റിമൂവൽ" (ഷാ പ്രേരിപ്പിക്കുന്ന നീക്കം ചെയ്യൽ) ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ലക്ഷ്യമിട്ടുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
വോട്ടർപ്പട്ടികയിൽനിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നതിലൂടെ ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്നും ആരോപിച്ചു. എസ്.ഐ.ആറിന്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 36.06 കോടി വോട്ടർമാരിൽ 6.18 കോടി ആളുകളെയും പട്ടികയിൽനിന്ന് ഒഴിവാക്കി. ആകെ വോട്ടർമാരുടെ 17 ശതമാനത്തിലേറെയാണിത്. 5.43 കോടി പേർക്ക് പേര് നിലനിറുത്താൻ അധിക രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലായി 7.8 കോടി പേരുകൾ ഒഴിവാക്കി.
മൂന്നാം ഘട്ടത്തിൽ ഒഴിവാക്കിയവരെയും അധിക രേഖകൾ ആവശ്യപ്പെട്ടവരെയും ചേർത്താൽ വൻതോതിൽ വോട്ടർമാർ പട്ടികയ്ക്കുപുറത്താകും. പട്ടികയിൽ പേര് നിലനിറത്താനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് പൗരന്മാരിലേക്ക് മാറ്റുകയാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവരെയും സ്ത്രീകളെയും നടപടികൾ കൂടുതൽ ബാധിക്കുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം എസ്.ഐ.ആർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടിയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |