
ന്യൂഡൽഹി : രാജ്യസുരക്ഷയും സൈബർ സെക്യൂരിറ്റിയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സിസി ടി.വി അടക്കം ഉപകരണങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ. ലെബനനിലെ പേജർ സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തിലാണിത്. ചൈനീസ് നിർമ്മിത സിസി ടി.വി ക്യാമറകൾ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന പ്രത്യേക ലാബുകളിൽ സുരക്ഷാ പരിശോധന നടത്തി സർട്ടിഫിക്കേഷൻ നേടണം. ഇത് നിയമപ്രകാരം നിർബന്ധമാക്കി. ഇത്തരം ക്യാമറകളിലെ സുരക്ഷാ ചട്ടക്കൂടിൽ സംശയമുയർന്നിരുന്നു. ഇതിനകത്തെ മുഖ്യഘടകങ്ങൾ ഇനി സർക്കാർ നിയോഗിക്കുന്ന ഏജൻസികൾ പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമേ ജനങ്ങളിലേക്ക് എത്തുകയുള്ളു. രാജ്യസുരക്ഷയിൽ വീഴ്ചയുണ്ടാകാതിരിക്കാൻ ഈ നടപടി അനിവാര്യമാണെന്നാണ് കേന്ദ്ര നിലപാട്. ഒക്ടോബർ എട്ടോടെ ഇതു സംബന്ധിച്ച സർക്കാർ നയം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
പരിശോധന ഇവയ്‌ക്ക്
1.സിസി ടി.വി
2.വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം അളക്കുന്ന സ്‌മാർട്ട് മീറ്രർ
3.പാർക്കിംഗ് സെൻസറുകൾ
4.ഡ്രോണുകളുടെ ഭാഗങ്ങൾ, ലാപ്ടോപ്, ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടർ
ഇന്ത്യൻ ഉപകരണങ്ങൾക്ക് പ്രിയമേറും
ചൈനീസ് ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം വരുന്നതോടെ, അവിടെ നിന്നുള്ള ഇറക്കുമതി കുറയും. ഇത് സിസി ടി.വി ക്യാമറകൾ അടക്കം നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സി.പി.പ്ലസ്, ഹിക്‌വിഷൻ, ദഹുവ കൺട്രോൾ എന്നീ കമ്പനികളുടെ സിസി ടി.വി ക്യാമറകളാണ് ഇന്ത്യൻ വിപണിയിൽ 60 ശതമാനത്തിലധികം വിറ്രുപോകുന്നത്. ഇതിൽ സി.പി.പ്ലസ് ഇന്ത്യൻ കമ്പനിയായതിനാൽ പ്രശ്‌നം നേരിടില്ല. മറ്റു രണ്ടു കമ്പനികളും ചൈനീസാണ്. ഇവരുടെ സാന്നിദ്ധ്യം കുറയുന്നതോടെ ഈ മേഖലയിലെ മറ്റു ഇന്ത്യൻ കമ്പനികൾക്ക് പ്രയോജനം ലഭിച്ചേക്കും. നേരത്തെ യു.എസും ഇതേ ചൈനീസ് കമ്പനികളുടെ ഉപകരണങ്ങൾ സുരക്ഷയുടെ പേരിൽ വിലക്കിയിരുന്നു.
സഹകരിക്കാൻ
തയ്യാറെന്ന് ചൈന
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയുമായി സഹകരിക്കാൻ തയ്യാറെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫിയെഹോംഗ്. പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈന നിലവിൽ വന്നതിന്റെ 75ാം വാർഷികം ഒക്ടോബർ ഒന്നിനായിരുന്നു. ഇതോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന് അയച്ച ആശംസാ സന്ദേശത്തോടാണ് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ പ്രതികരിച്ചത്. പരസ്‌പര ബഹുമാനം,വിശ്വാസം, സഹകരണം എന്നിവയുമായി ബന്ധപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യകരവും സുസ്ഥിരവുമായ രീതിയിൽ നയതന്ത്ര ചർച്ചകൾക്ക് സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യ - പാക് അതിർത്തിയിലെ സൈനിക വിന്യാസത്തിൽ പോംവഴി കാണാത്തിടത്തോളം ഇരുരാജ്യങ്ങളുമായുള്ള സംഘർഷാവസ്ഥ തുടരുമെന്ന് അടുത്തിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |