SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 AM IST

ഹരിയാന ഉറപ്പിച്ച് കോൺഗ്രസ്; ജമ്മുകാശ്‌മീരിൽ അണിയറ നീക്കം

READ ENGLISH VERSION
a

ന്യൂഡൽഹി: ഇന്ന് ഫലം വരാനിരിക്കെ,​ എക്‌സിറ്റ് പോൾ പ്രവചനത്തിന്റെ ആത്മവിശ്വാത്തിൽ കോൺഗ്രസ് ക്യാമ്പ് ഹരിയാനയിൽ മന്ത്രിസഭാ ചർച്ചകൾ സജീവമാക്കി. സർവെ ഫലങ്ങൾ തള്ളുന്ന ബി.ജെ.പിയും പ്രതീക്ഷ കൈവിടുന്നില്ല.

അതേസമയം,​ ജമ്മുകാശ്‌മീരിൽ ആർക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഭരണം പിടിക്കാനുള്ള നീക്കവും മുന്നണികൾ ഊർജ്ജിതമാക്കി.

പത്തു വർഷത്തിന് ശേഷം ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. കോൺഗ്രസ് ജയിച്ചാൽ,​ അത് രാഹുൽ ഗാന്ധിക്ക് കിട്ടുന്ന ജനപിന്തുണയായി കോൺഗ്രസ് ഉയർത്തിക്കാട്ടും. പ്രത്യേകിച്ച്,​ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് പാർട്ടി നടത്തി നിൽക്കെ.

ബി.ജെ.പി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, ജെ.ജെ.പി, ഐ.എൽ.എൻ.ഡി തുടങ്ങിയ ചെറു പാർട്ടികളുടെ വിശ്വാസ്യതയിൽ ഇടിവ് എന്നിവയാണ് കോൺഗ്രസിന് അനുകൂലമാകുന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയുടെ വോട്ട് വിഹിതം 2019ലെ 15 ശതമാനത്തിൽ നിന്ന് 1-2 ശതമാനമായി കുറയുമെന്നും അത് തുണയ്ക്കുമെന്നും പാർട്ടി വിശ്വസിക്കുന്നു.

എന്നാൽ ​ ഒ.ബി.സി, ബ്രാഹ്മണർ, സെയ്നി വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ജാട്ട് വോട്ടുകളിൽ ചോർച്ച അവർ പ്രതീക്ഷിക്കുന്നു. എല്ലാത്തിനുമുള്ള ഉത്തരം ഇന്നു രാവിലെ ഫലപ്രഖ്യാപനത്തോടെ കിട്ടും.

ജമ്മുകാശ്‌മീരിൽ ഭൂരിപക്ഷമില്ലെങ്കിൽ പി.ഡി.പി അടക്കം പാർട്ടികളെ ഒപ്പംകൂട്ടാൻ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യം നീക്കം തുടങ്ങി. 'ഇന്ത്യ' മുന്നണി ഘടകകക്ഷിയായ പി.ഡി.പി ഒറ്റയ്‌ക്ക് മത്സരിച്ചെങ്കിലും സർക്കാർ രൂപീകരണത്തിൽ സഹകരിച്ചേക്കും. ജെ.കെ.പി.പി, പാന്തേഴ്സ് പാർട്ടി, അവാമി ഇത്തിഹാദ്, അവാമി നാഷണൽ കോൺഫറൻസ് പാർട്ടി, സ്വതന്ത്രർ തുടങ്ങിയവരെയും സമീപിച്ചേക്കാം.

ഹൂഡയ്ക്ക് സാദ്ധ്യത;

പാരയായി സെൽജ

 പ്രധാന നീക്കങ്ങൾ മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെ കേന്ദ്രീകരിച്ച്

 കുമാരി സെൽജ, രൺദീപ് സുർജെവാല എന്നിവർ തലമുറ മാറ്റമാവശ്യപ്പെടുന്നു

 എം.എൽ.എമാരുടെ അഭിപ്രായം പ്രധാനമെന്ന് ഹൂഡ

 സെൽജയെ വശത്താക്കാൻ ബി.ജെ.പി പിന്നാലെ

കാശ്മീരിൽ 5 നോമിനേറ്റഡ്

അംഗങ്ങൾ നിർണായകം

90 അംഗ നിയമസഭയിൽ തിരഞ്ഞെടുക്കപ്പെടുന്ന എം.പിമാരെക്കൂടാതെ ലെഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് അംഗങ്ങളെ നോമിനേറ്റ് ചെയ്യാം. വോട്ടവകാശമുണ്ട് ഇവർക്ക്. ഇതോടെ അംഗബലം 95 ആകും. സഭയിൽ കേവല ഭൂരിപക്ഷം 48മാകും. ബി.ജെ.പിക്ക് ശരാശരി 30 സീറ്റാണ് പ്രവചിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360