
ന്യൂഡൽഹി: ലാവോ രാമായണത്തിന്റെ പൈതൃകം സംരക്ഷിക്കാനും രാമായണവുമായി ബന്ധപ്പെട്ട ചുവർച്ചിത്രങ്ങളുള്ള വാട്ട് പകേയ ബുദ്ധക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഇന്ത്യയുടെ സഹായം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലാവോസ് പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോണും നടത്തിയ ചർച്ചയ് ക്കു ശേഷം ധാരണാപത്രങ്ങൾ കൈമാറി.
മെകോംഗ്-ഗംഗ സഹകരണ പദ്ധതിയിൽ ലാവോ രാമായണ പൈതൃകം, ബുദ്ധക്ഷേത്ര പുനരുദ്ധാരണം, ചംപാസക് പ്രവിശ്യയിലെ രാമായണത്തെക്കുറിച്ചുള്ള നിഴൽ പാവകളി തിയേറ്റർ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ക്വിക്ക് ഇംപാക്റ്റ് പ്രോജക്ടുകൾക്ക് (ക്യു.ഐ.പി) 50,000 ഡോളർ വീതം ഇന്ത്യ നൽകും.ലാവോസിൽ പോഷകാഹാര സുരക്ഷയ്ക്കായി പത്തുലക്ഷം ഡോളറും ഇന്ത്യ നൽകും. തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ത്യ- യുഎൻ വികസന പങ്കാളിത്ത ഫണ്ട് വഴിയുള്ള ആദ്യ പദ്ധതിയാണിത്.പ്രതിരോധം, പ്രക്ഷേപണം, കസ്റ്റംസ് സഹകരണം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളും ഒപ്പിട്ടു.
യാഗി ചുഴലിക്കാറ്റ് ദുരന്തത്തിൽ ഇന്ത്യയുടെ സഹായത്തിന് സിഫാൻഡോൺ നന്ദി പറഞ്ഞു. വികസന പങ്കാളിത്തം, ശേഷി വികസനം, ദുരന്തനിവാരണം, പുനരുപയോഗ ഊർജം, പൈതൃക പുനഃസ്ഥാപനം, സാമ്പത്തിക ബന്ധങ്ങൾ, പ്രതിരോധ സഹകരണം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
ലാവോസ് പീപ്പിൾസ് റെവല്യൂഷണറി പാർട്ടി കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറിയും ലാവോസ് പ്രസിഡന്റുമായ തോംഗ്ലുൻ സീസുലിത്തുമായും മോദി കൂടിക്കാഴ്ച നടത്തി. പൂർവേഷ്യൻ ഉച്ചകോടിക്കിടെ തായ്ലൻഡ് പ്രധാനമന്ത്രി പേറ്റോങ്ടർൻ ഷിനാവത്രയുമായും മോദി ചർച്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |