ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷം. ഇന്നലെ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) ഏറ്റവും അപകടകരമായ 454ലെത്തി. അതേസമയം,ഡീസൽ ഉപയോഗിക്കുന്ന യു.പിയിലെ ബസുകളാണ് മലിനീകരണത്തിന് കാരണമെന്ന് ആംആദ്‌മി ആരോപിച്ചു. അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രാഷ്‌ട്രീയ വാക്‌പോരിനും വഴിതെളിയിച്ചു.
ഇന്നലെ രാവിലെ ദേശീയ തലസ്ഥാന മേഖലയിൽ പലഭാഗങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മാലിന്യം നിറഞ്ഞ മൂടൽമഞ്ഞിൽ നടക്കാനിറങ്ങിയവർക്ക് ശ്വാസതടസവും ചുമയും അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. മലിനീകരണ തോത് വർദ്ധിച്ചതോടെ യമുന നദിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷാംശമുള്ള നുരകളും കാണപ്പെട്ടു.
ആനന്ദ് വിഹാറിൽ
എ.ക്യു.ഐ 454
ഡൽഹി അന്തർസംസ്ഥാന ബസ് സർവീസുകൾ പുറപ്പെടുന്ന ആനന്ദ് വിഹാറിലാണ് എ.ക്യു.ഐ 454 രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി അതിഷി. ആനന്ദവിഹാറിൽ സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്കൊപ്പം എ.ക്യു.ഐ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. വായു മലിനീകരണത്തിന്റെ പ്രധാന കാരണം ഉത്തർപ്രദേശിൽ നിന്ന് വരുന്ന ബസുകളാണെന്നും യു.പി സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ച ആവശ്യമാണ്. അതേസമയം,യമുന നദിയിലെ മലിനീകരണ തോത് ഉയരുന്നതിലും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. യമുനയിലേക്ക് ഹരിയാനയും യു.പിയും മാലിന്യങ്ങൾ ഒഴുക്കിവിടുകയാണെന്ന് അതിഷി ആരോപിച്ചു.
പ്രധാന സ്ഥലങ്ങളിലെ ഐ.ക്യു.ഐ
(ഇന്നലെ രാവിലെ 8ന്)
ദ്വാരക, സെക്ടർ എട്ട്: 311
ഐ.ടി.ഒ: 232
ജഹാംഗീർപുരി: 350
നെഹ്‌റു പാർക്ക്: 254
4-5 ദിവസമായി ആനന്ദ് വിഹാറിലെ മലിനീകരണ തോത് ഉയർന്ന നിലയിലാണ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 99 സംഘങ്ങൾ ഡൽഹിയിലുടനീളം പൊടി നിയന്ത്രണ നടപടികൾ നടത്തും. 300ലധികം സ്മോഗ് ഗണ്ണുകളും വിന്യസിക്കും.
-അതിഷി
ഡൽഹി മുഖ്യമന്ത്രി
രാജ്യതലസ്ഥാനത്തെ വെള്ളവും വായുവും വിഷലിപ്തമാക്കിയത് അരവിന്ദ് കേജ്‌രിവാളിന്റെ വിഷ രാഷ്ട്രീയം.
-ഷെഹസാദ് പൂനെവാല
ബി.ജെ.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |