
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ആദരം അർപ്പിച്ച് രാജ്യം. ഡൽഹിയിൽ ഇന്ദിരാ സമാധി സ്ഥലമായ ശക്തിസ്ഥലിൽ ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി അടക്കം നേതാക്കൾ പുഷ്പാർച്ചന അർപ്പിച്ചു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ ത്യാഗം എല്ലായ്പ്പോഴും പ്രചോദനമാണെന്ന് രാഹുൽ പറഞ്ഞു. സഫ്ദർജംഗ് റോഡിലെ ഇന്ദിരാ മ്യൂസിയവും രാഹുൽ സന്ദർശിച്ചു. ശക്തവും പുരോഗമനപരവുമായ ഇന്ത്യയ്ക്ക് ഇന്ദിരയുടെ ദൃഢമായ ഇച്ഛാശക്തിയും കാര്യക്ഷമമായ നേതൃത്വവും ദീർഘവീക്ഷണവും അടിത്തറയിട്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ സ്മരിച്ചു. രാജ്യത്തോടുള്ള സമർപ്പണവും ത്യാഗവും പകർന്നു തന്ന പാഠങ്ങളും മൂല്യങ്ങളും എന്നും വഴികാട്ടിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് സ്ഥാനാർത്ഥിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പരമോന്നത ത്യാഗത്തെ സ്മരിക്കുന്നുവെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |