
റാഞ്ചി: ബുധനാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ജാർഖണ്ഡിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപജാതികളെ പരസ്പരം മത്സരിപ്പിച്ച് ഒ.ബി.സി വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നത്. എസ്.ടി,എസ്.സി,ഒ.ബി.സി ഐക്യം തകർക്കാനാണ് അവരുടെ ശ്രമം. ഒന്നിച്ചുനിന്നാൽ അവരുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും നമ്മൾ സുരക്ഷിതരാകുമെന്നും മോദി പറഞ്ഞു. ജാർഖണ്ഡിലെ ബൊക്കാരോവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ.ബി.സി വിഭാഗത്തിന് സംവരണം ലഭിച്ചതിനുശേഷം കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ 250 സീറ്റുകൾ പോലും തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒ.ബി.സിയെ വിഭജിച്ച് ഉപജാതികളാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഒബിസി വിഭാഗം പിളരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ പിളർന്നാൽ നിങ്ങളുടെ ശബ്ദം ദുർബലമാകില്ലേ? നമ്മൾ ഒരുമിച്ചുനിന്നാൽ നമ്മൾ ശക്തരാകുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിന്റെ വിഭവങ്ങൾ അവർ കൊള്ളയടിക്കുന്നു. ജാർഖണ്ഡിന്റെ ഭൂമിയും പെൺമക്കളെയും സംരക്ഷിക്കാനായി എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരണമെന്നും മോദി കൂട്ടിച്ചേർത്തു.
ജാതി സെൻസെസ് നടപ്പാക്കും: മഹാവികാസ്
മുംബയ്: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഖാഡി പ്രകടനപത്രിക പുറത്തിറക്കി. ജാതി സെൻസെസ് നടത്തുമെന്നാണ് പ്രധാന വാഗ്ദാനം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് പത്രിക പുറത്തിറക്കിയത്. നിലവിലെ 50 ശതമാനം ജാതിസംവരണം ഉയർത്തുമെന്നും പ്രകടനപത്രികയിലുണ്ട്. തമിഴ്നാടിന് സമാനമായാണ് സംവരണം ഉയർത്തുക. ജാതിസെൻസെസ് ആളുകളെ വിഭജിക്കാനല്ല. ഒരു സമുദായം ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ജാതി സെൻസെസ് നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധി ശൂന്യമായ ഭരണഘടനയാണ് കാണിച്ചതെന്ന മോദിയുടെ പ്രസ്താവനക്കെതിരെ നുണകളുടെ രാജാവാണ് മോദിയെന്ന് ഖാർഗെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |