
ബംഗളൂരു: മകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ വെട്ടിക്കൊന്ന് കല്ലുകൊണ്ട് മുഖം അടിച്ചുതകർത്തു. കർണാടകയിലെ ബെഗാവിയ്ക്ക് സമീപം ഉമാറാണിയിലാണ് സംഭവം. മദ്യലഹരിയിൽ മകളെ ഉപദ്രവിക്കാൻ ശ്രമിച്ച ശ്രീമന്ത് ഇറ്റനാലിനെ ഭാര്യ സാവിത്രിയാണ് കൊന്നത്. വെട്ടിക്കൊന്നതിനുശേഷം ശ്രീമന്തിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ച് തകർത്തു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി പറമ്പിൽ തള്ളി. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സാവിത്രിയും ശ്രീമന്തിനും രണ്ട് പെൺമക്കളാണുള്ളത്. ശ്രീമന്ത് മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. ഭാര്യയോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ഇയാൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. മകളെ ഉപദ്രവിക്കുന്നത് കണ്ട സാവിത്രി തടഞ്ഞു. ഇതോടെ വാക്കേറ്റമുണ്ടായി. തുടർന്ന് രാത്രി കിടന്നുറങ്ങുകയായിരുന്ന ശ്രീമന്തിനെ സാവിത്രി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് മുഖം കല്ലുകൊണ്ട് ഇടിച്ച് തകർത്തു. തെളിവ് നശിപ്പിക്കാനായി മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ സാവിത്രി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സാവിത്രിയുടെ വീടിനടുത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
മക്കളെ ലൈംഗികമായി ഉപദ്രവിക്കുന്നത് കണ്ടതോടെയാണ് ഭർത്താവിനെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് സാവിത്രി പൊലീസിന് നൽകിയ മൊഴി. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വീപ്പയിലാക്കി കൊണ്ടുപോയി. പിന്നീട് കുഴിച്ചിട്ടു. പിടിക്കപ്പെടുമെന്ന് ഭയന്ന് തെളിവുകൾ നശിപ്പിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തികൾ, ശ്രീമന്ത് കിടന്നിരുന്ന കിടക്ക, ചോരയിൽ കുളിച്ച വസ്ത്രങ്ങൾ എന്നിവയെല്ലാം ഒരു ബാഗിലാക്കി കിണറ്റിലിട്ടു. പൊങ്ങി വരാതിരിക്കാൻ കല്ല് കെട്ടിയാണ് ഇട്ടത്. കൊലപാതകം നടന്ന സ്ഥലം കഴുകി വൃത്തിയാക്കി. ശ്രീമന്തിന്റെ തല തകർക്കാൻ ഉപയോഗിച്ച കല്ല് കഴുകി വീട്ടിലെ ഷെഡിൽ സൂക്ഷിച്ചു.
കൊലപാതകം നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം സാവിത്രി കത്തിച്ചുകളഞ്ഞു. ഈ സമയത്ത് മൂത്ത മകൾ ഉണർന്നെങ്കിലും അച്ഛനെ കൊലപ്പെടുത്തിയെന്നും ആരോടും പറയരുതെന്നും പറഞ്ഞു. ശ്രീമന്തിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ വഴിതിരിച്ച് വിടാനും സാവിത്രി ശ്രമിച്ചിരുന്നു. ഒടുവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |