
ന്യൂഡൽഹി: നാലാംവട്ടം തിരഞ്ഞെടുപ്പിനിറങ്ങുന്ന അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് ആംആദ്മിയുടെ താരപ്രചാരകൻ. 2013 ഡിസംബർ അവസാനം മുതൽ 49 ദിവസവും തുടർന്നുള്ള രാഷ്ട്രപതി ഭരണം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടന്ന 2015 മുതൽ തുടർച്ചയായും സംസ്ഥാനം ഭരിക്കുകയാണ് ആം ആദ്മി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നിൽ നിർത്തിയാണ് ബി.ജെ.പി വോട്ടു തേടുന്നത്. കോൺഗ്രസും ആരെയും ഉയർത്തിക്കാട്ടുന്നില്ല.
മദ്യനയക്കേസിൽ കേജ്‌രിവാളിനും മുതിർന്ന നേതാക്കൾക്കും പ്രതിച്ഛായ നഷ്‌ടമുണ്ടായെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ദുർഭരണം, അഴിമതി തുടങ്ങിയ മുദ്രാവാക്യം മുഴക്കി ബി.ജെ.പിയും കോൺഗ്രസും ആംആദ്മിയെ ആക്രമിക്കുന്നു. 33.66 കോടി ചെലവിട്ട് മുഖ്യമന്ത്രിയുടെ വസതി മോടിപിടിപ്പിച്ചതും, യമുനയിലെ മാലിന്യം, വായു മലിനീകരണം തുടങ്ങിയവും ആയുധമാക്കുന്നു. രോഹിൻഗ്യ-ബംഗ്ലാദേശി കുടിയേറ്റക്കാരെ വോട്ടർപട്ടികയിൽ തിരുകി കയറ്റിയെന്നും ബി.ജെ.പി ആരോപിക്കുന്നു. വോട്ടർപട്ടികയിൽ വ്യാപക തിരിമറിയെന്ന് ആരോപിച്ച് ആംആദ്മി പാർട്ടി രംഗത്തുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥി രമേഷ് ബിധുരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദമായി തുടരുന്നു.
അതേസമയം, 200 യൂണിറ്റിനകത്ത് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി, കുടിവെള്ള സബ്‌സിഡി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയവ ആംആദ്മി സർക്കാർ നിലവിൽ നടപ്പാക്കിയത് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
വീണ്ടും ഭരണത്തിലെത്തിയാൽ 60 വയസ് മുതൽ മുകളിലോട്ടുള്ളവർക്ക് സൗജന്യ ചികിത്സ നൽകുന്ന സഞ്ജീവനി യോജന,സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന എന്നിവ നടപ്പാക്കുമെന്നും കേജ്‌രിവാൾ വാഗ്ദാനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |