
ഗുവാഹട്ടി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കൽക്കരി ഖനിയിൽ അകപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവർക്കായി തെരച്ചിൽ ഊർജ്ജിതമായി നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മുങ്ങൽ വിഗദ്ധർ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ചയാണ് അസാം മേഘാലയ അതിർത്തിയിലെ ഉംറാങ്സോയിലുള്ള ഖനിയിൽ വെള്ളം നിറഞ്ഞ് ഒമ്പത് തൊഴിലാളികൾ കുടുങ്ങിയത്. മൂന്ന് മൃതദേഹങ്ങളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിമാ ഹസാവു സ്വദേശി ലിഗൻ മഗറെയാണ് (27) തിരിച്ചറിഞ്ഞത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രതീക്ഷയും ശക്തിയും മുറുകെ പിടിക്കുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഖനിയിൽ നിന്ന് വെള്ളം വറ്രിച്ചുവരികയാണ്.
310 അടി ആഴമാണ് ഖനിക്കുള്ളത്. അതേസമയം, ഉംറാങ്സോയിലേത് അനധികൃത ഖനിയല്ലെന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. 12 വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച ഖനിയാണിത്. അസാം മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിലായിരുന്നെന്നും പറഞ്ഞു.
ഖനിയിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാൻ വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിലാണ് ശ്രമങ്ങൾ നടത്തുന്നത്. ഖനിയിൽ എത്തിയ വെള്ളം ഇപ്പോൾ കൽക്കരിയുമായി കൂടികലർന്ന നിലയിലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |