
മുംബയ്: ഡിസ്ചാർജ് ആകുന്നതിനുമുമ്പ് തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ട് നടൻ സെയ്ഫ് അലി ഖാൻ.
ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ സെയ്ഫ് ആലിംഗനം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.
റാണയോട് സെയ്ഫിന്റെ അമ്മയും നടിയുമായ ശർമിള ടാഗോറും നന്ദി പറഞ്ഞു. ചൊവ്വാഴ്ച മുംബയ് ലീലാവതി ആശുപത്രിയിൽവച്ചാണ് സെയ്ഫും ഭജൻ സിംഗ് റാണയും കണ്ടത്. കൂടിക്കാഴ്ച അഞ്ചുമിനിട്ട് നീണ്ടു. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ഇരുവരും ചേർന്ന് ചിത്രവുമെടുത്തു. അതിനിടെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സെയിഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മോഷണശ്രമം തടയുന്നതിനിടെ സെയ്ഫിനെ അക്രമി ആറ് തവണ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടൻ ഭജൻ സിംഗ് റാണയുടെ ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. സെയ്ഫിനെ ആക്രമിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ആരെന്നറിയാതെ: റാണ
ഗേറ്റിനടുത്ത് നിന്ന് ഒരു സ്ത്രീ സഹായം തേടി കരഞ്ഞുവിളിക്കുന്നത് കണ്ടു. പല വാഹനങ്ങളും നിറുത്താതെ പോയി. ഞാൻ യൂ ടേണെടുത്ത് ഗേറ്റിനുസമീപം നിറുത്തി. നാല് പേർക്കൊപ്പം രക്തത്തിൽ കുളിച്ച് ഒരാൾ വന്നു. ഓട്ടോയിൽ കയറ്റി ലീലാവതി ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചു.
സെയ്ഫ് അലി ഖാനാണെന്ന് മനസിലായിരുന്നില്ല. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം തനിയെ നടന്നാണ് ഓട്ടോയിൽ കയറിയത്.
ആശുപത്രിയിലെത്താൻ എത്ര സമയമെടുക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. എട്ടോ പത്തോ മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തി. സെയ്ഫിന്റെ പുറത്തുനിന്നും കഴുത്തിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു. -റാണയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |